കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പരിസ്ഥിതിലോല മേഖലകളിൽ നിന്നൊഴിവാക്കി; പുതിയ ഉത്തരവിറക്കി സർക്കാർ

Wednesday 10 August 2022 5:09 PM IST

തിരുവനന്തപുരം: കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പരിസ്ഥിതിലോല മേഖലകളിൽ നിന്നൊഴിവാക്കി സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റ‍ർ വരെ പരിസ്ഥിതി ലോല മേഖലകളാക്കുക എന്ന 2019ലെ സർക്കാർ ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയത്. സർക്കാർ,​ അർദ്ധ സർക്കാർ,​ പൊതു സ്ഥാപനങ്ങളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

സുപ്രീംകോടതി വിധിയിൽ വലിയ ആശങ്കകളുണ്ടായതിന് പിന്നാലെയാണ് ചർച്ചകൾക്കൊടുവിൽ സർക്കാർ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. സംരക്ഷിത മേഖലകൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ജനവാസ മേഖലകളെക്കൂടി ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച സർക്കാർ ഉത്തരവ് ഇതോടെ റദ്ദാകും.

ജനങ്ങളുടെ താത്പര്യത്തിന് പ്രാധാന്യം നൽകി സുപ്രീം കോടതിയേയും കേന്ദ്ര സർക്കാരിനെയും സമീപിക്കുമെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ ബഫർ സോണാക്കുന്നതിനുള്ള ഉത്തരവിനെ നിയമപരമായിത്തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisement
Advertisement