ബഫർസോൺ : സുപ്രീംകോടതിയെ സമീപിക്കും, ജനവാസ മേഖല പൂർണമായും ഒഴിവാക്കി പുതിയ ഉത്തരവ്

Thursday 11 August 2022 12:00 AM IST

തിരുവനന്തപുരം:പരിസ്ഥിതി ദുർബല മേഖലയിലെ ജനവാസപ്രദേശം, കൃഷിയിടങ്ങൾ, സർക്കാർ - അർദ്ധ സർക്കാർ - പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കി ബഫർ സോണിൽ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കുന്ന കരട് ഭേദഗതിക്ക് അംഗീകാരം ലഭിക്കാൻ സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റിലും ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കി 2019ൽ ഉത്തരവിറക്കിയിരുന്നു. അത് റദ്ദാക്കാതെ അതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്.

2019ലെ ഉത്തരവിന് ശേഷം ജനവാസ മേഖലകളും സർക്കാർ - അർദ്ധ സർക്കാർ - പൊതു സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളും ഒഴിവാക്കണമെന്ന കരട് നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. 2020 മുതൽ 2022 വരെ കത്തുകളിലൂടെ സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ ഇക്കോ സെൻസിറ്റിവ്‌ സോൺ നിശ്ചയിക്കാനായി കേന്ദ്രത്തിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിശ്‌ചയിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്.
അതുപ്രകാരം സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റിലും ഒരു കിലോമീറ്റർ ബഫർസോൺ ആയി. അതോടെ എറണാകുളം ജില്ലയിലെ മംഗളവനം പക്ഷി സങ്കേതത്തിന് ചുറ്റിലുമുള്ള ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങൾ ബഫർ സോണിലാകുമെന്ന് ആക്ഷേപമുയർന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.


2019 ലെ ഉത്തരവിൽ ഒരു കിലോമീറ്റർ വരെ എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ അത് റദ്ദാക്കേണ്ട ആവശ്യമില്ല. ഒരു കിലോമീറ്റർ വീതി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

-വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Advertisement
Advertisement