റിട്ട. ഉദ്യോഗസ്ഥയെ കൊന്നത് കഴുത്തിൽ കുത്തിയെന്ന് പ്രതി റിമാൻഡ് ചെയ്തു, കവർന്നത് 7 പവൻ
തിരുവനന്തപുരം: കേശവദാസപുരത്ത് കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. സൂപ്രണ്ട് രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതി ബംഗാൾ കുച്ച് ബിഹാർ ഹൽദിബാരി ഗംഗാദോബയിൽ ആദംഅലി (21) വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമായി ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകി. ഇന്ന് പരിഗണിക്കും.
ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ പറഞ്ഞു. മാലയും വളയുമുൾപ്പെടെ ഏഴ് പവനോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് മനോരമ കുളികഴിഞ്ഞ് തല തോർത്തിക്കൊണ്ട് നിൽക്കുന്നത് കണ്ട ആദം വീട്ടിൽ അവർ തനിച്ചാണെന്ന് മനസിലാക്കിയാണ് അവിടേക്കെത്തിയത്. വീടിന് പുറത്തുവച്ച് ഉപദ്രവിക്കാനുള്ള ശ്രമം അവർ ചെറുത്തതോടെ കഴുത്തിൽ കുത്തിപ്പിടിച്ചു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വിടാതെ ആയുധമുപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങൾ കവർന്ന് കാലിൽ ഇഷ്ടികകെട്ടി അയൽവീട്ടിലെ കിണറ്റിൽ താഴ്ത്തി. കൈയിലെ രക്തക്കറ കഴുകി വസ്ത്രങ്ങൾ മാറ്റിയാണ് പണിസ്ഥലത്തെത്തിയശേഷം രക്ഷപ്പെട്ടത്. കുത്താൻ ഉപയോഗിച്ച ആയുധം ഏതാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് വ്യക്തത വരുത്തിയശേഷം ഇത് കണ്ടെത്തേണ്ടതുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. കവർച്ച ചെയ്ത ആഭരണങ്ങളും കണ്ടെത്താനായിട്ടില്ല. ഇവ അടങ്ങിയ ബാഗ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എവിടെയോ നഷ്ടപ്പെട്ടെന്നാണ് പ്രതി പറഞ്ഞത്. പ്രതിക്ക് പരസഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. മനോരമയുടെ വീടിനുസമീപം കെട്ടിട നിർമ്മാണം നടക്കുന്ന സൈറ്റിലെ ജോലിക്കാരനായിരുന്നു ആദം അലി.
രക്ഷപ്പെടാൻ ശ്രമിച്ചത്
ബംഗാളിലേക്ക്
മനോരമയുടെ മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ സിസി ടിവി കാമറയിൽ നിന്ന് ലഭിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് കമ്മിഷണർ പറഞ്ഞു. തെരച്ചിലിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ പ്രതി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ എക്സ് പ്രസിൽ കടന്നതായി കണ്ടെത്തി. പ്രതിയുടെ ഫോട്ടോയും വിവരങ്ങളും ചെന്നൈ ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറി. തുടർന്ന് ട്രെയിനിൽ പരിശോധന നടത്തിയ ആർ.പി.എഫ് സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പശ്ചിമബംഗാളിലേക്ക് കടക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. ഒന്നരമാസം മുമ്പാണ് സുഹൃത്ത് ദീപക്കിന്റെ സഹായത്തോടെ രക്ഷാപുരം ചർച്ചിന് സമീപത്ത് ഇയാൾ വീടുപണിക്കെത്തിയത്.