അരീക്കാട്, ചെറുവണ്ണൂർ മേൽപ്പാലം സ്ഥലം ഏറ്റെടുക്കാൻ അനുമതി

Thursday 11 August 2022 12:15 AM IST
മേൽപ്പാലം

കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന അരീക്കാട്, ചെറുവണ്ണൂർ മേൽപ്പാലങ്ങൾക്ക് സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന്റെ അനുമതി. ചെറുവണ്ണൂർ മേൽപ്പാലത്തിന് ചെറുവണ്ണൂർ വില്ലേജിലും അരീക്കാട് മേൽപ്പാലത്തിന് ചെറുവണ്ണൂർ പന്നിയങ്കര വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുക. ഈ രണ്ടു പാലങ്ങൾക്കും സർക്കാർ നേരത്തെ ഭരണാനുമതി നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ചെറുവണ്ണൂർ മേൽപ്പാലത്തിന് 3.3501 ഹെക്ടർ ഭൂമിയും അരീക്കാട് മേൽപ്പാലത്തിന് 2.8419ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലങ്ങളുടെ നിർമ്മാണ ചുമതല.

അരീക്കാട് മേൽപ്പാലം

170.42 കോടി

170.42 കോടി രൂപ ചെലവിൽ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് അരീക്കാട് മേൽപ്പാലം നിർമ്മിക്കുക. അഞ്ചര മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ ആധുനിക നിലവാരത്തിലുള്ള നാല് വരിപ്പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വട്ടക്കിണറിൽ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപാസ് ജംഗ്ഷൻ, അരീക്കാട് ജംഗ്ഷൻ കടന്ന് വീണ്ടും 150 മീറ്റർ തെക്കോട്ടായാണ് മേൽപ്പാലം. അരീക്കാട് ജംഗ്ഷന് 150 മീറ്ററോളം തെക്കുഭാഗത്തുനിന്നാരംഭിച്ച് അരീക്കാട് ജംഗ്ഷൻ, മീഞ്ചന്ത മിനി ബൈപാസ് ജംഗ്ഷൻ , വട്ടക്കിണർ ജംഗ്ഷൻ എന്നിവ കടന്നാണ് പാലം അവസാനിക്കുന്നത്. ഇരുവശത്തും നടപ്പാതയുമൊരുക്കും.

# മേൽപ്പാലം വന്നാൽ

ദേശീയപാതയിൽ മലബാറിൽ തന്നെ വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കും ഗതാഗത സ്തംഭനവും അനുഭവിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ അരീക്കാട്, മീഞ്ചന്ത, വട്ടക്കിണർ ജംഗ്ഷനുകളെ കൂട്ടിയിണക്കിയുള്ള മേൽപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഏറെ സഹായകരമാകും.

ചെറുവണ്ണൂർ

85.2 കോടി


85.2 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നാലുവരിപ്പാതയായാണ് ചെറുവണ്ണൂരിലും മേൽപ്പാലം നിർമ്മിക്കുക. ഏതുനേരവും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെറുവണ്ണൂരിന്റെ മുഖച്ഛായ തന്നെ പാലം വരുന്നതോടെ മാറും.

# മേൽപ്പാലം വന്നാൽ

ചെറുവണ്ണൂർ താഴെ, ചെറുവണ്ണൂർ മേലെ എന്നീ രണ്ട് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ചെറുവണ്ണൂർ മേൽപാലം വരുന്നതോടെ പരിഹരിക്കപ്പെടും. കോഴിക്കോട് നഗരത്തിലേക്കും മലപ്പുറം ജില്ലയിലേക്കും തടസമില്ലാതെ എത്തിച്ചേരാൻ ഏറെ സഹായിക്കുന്നതായിരിക്കും ഈ മേൽപ്പാലം .

. ടി പി റോഡ് ജംഗ്ഷൻ , ബിസി റോഡ്, കൊളത്തറ റോഡ് ജംഗ്ഷൻ എന്നിവ കൂട്ടിയിണക്കിയാകും പാലം നിർമ്മാണം

" സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കും. പാലങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും" ....... പി.എ. മുഹമ്മദ് റിയാസ് ,(പൊതുമരാമത്ത് മന്ത്രി)

Advertisement
Advertisement