'മനസോടിത്തിരി മണ്ണ്' കാമ്പെയിൻ: ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി

Thursday 11 August 2022 12:00 AM IST

തിരുവനന്തപുരം:ഭൂ,ഭവന രഹിതരുടെ പുനഃരധിവാസത്തിനായി ലൈഫ് മിഷൻ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' കാമ്പെയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ ഭൂമിയുടെ രേഖകൾ ചെയർമാൻ സി.ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ആയവന ഗ്രാമപഞ്ചായത്തിലെ 1.50 ഏക്കറും തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അഞ്ചു സെന്റ് ഭൂമിയുമാണ് കൈമാറിയത്.
കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 1000 ഭൂ,ഭവനരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകുന്നതിന് സർക്കാരുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.67 ഗുണഭോക്താക്കൾക്ക് ഇതിനോടകം ഭൂമി വാങ്ങി നൽകി.36 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുയാണ്.ഇതുവരെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 48 സ്ഥലങ്ങൾ (1778.721 സെന്റ്) ലൈഫ് മിഷന് ലഭിച്ചിട്ടുണ്ട്.

മന്ത്രി എം.വി.ഗോവിന്ദൻ,ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി.നൂഹ്,ഫെഡറൽ ബാങ്ക് ജനറൽ മാനേജർ എൻ.രാജനാരായണൻ,ഡെപ്യൂട്ടി ജനറൽ മാനേജർ സാജൻ ഫിലിം മാത്യു,പ്രോജക്ട് ഓഫീസർമാരായ ജെയ്ഡ് കൊറോസൻ,ഷിഞ്ചു അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement