അവധിപ്രഖ്യാപനത്തിൽ പിഴവില്ല: രേണുരാജ്

Thursday 11 August 2022 12:08 AM IST

കൊച്ചി: പൂർണബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ സ്കൂളുകൾക്ക് കഴിഞ്ഞദിവസം അവധി പ്രഖ്യാപിച്ചതെന്ന് കളക്ടർ ഡോ.രേണുരാജ് പറഞ്ഞു. തെറ്റുപറ്റിയെന്ന് കരുതുന്നില്ലെന്നും കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും അസൗകര്യം, സുരക്ഷ എന്നീ കാര്യങ്ങൾ മുന്നിൽവന്നപ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകിയെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ കളക്ടർ വിശദീകരിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാവിലെ എട്ടുമണിയോടെ കളക്ടർ അവധി പ്രഖ്യാപിച്ചതും പിന്നീട് കുട്ടികൾ ഏറിയപങ്കും സ്‌കൂളിലെത്തിയതിനെ തുടർന്ന് അതിൽ മാറ്റംവരുത്തിയതും രക്ഷിതാക്കളുടെയടക്കം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കളക്ടർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ട്രോളുകളും വന്നു.
അവധി പ്രഖ്യാപനത്തിന്റെ തലേന്നാൾ ജില്ലയിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല. നിയമപ്രകാരം അവധി കൊടുക്കണമെന്നില്ല എന്നതിനാലാണ് പ്രഖ്യാപിക്കാതിരുന്നത്. എന്നാൽ പുലർച്ചെ മഴ കനത്തു. രാവിലെ തീവ്രമായ മഴയും കാറ്റുമുണ്ടാകുമെന്നും വെള്ളം ഉയരാൻ സാദ്ധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പുംവന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്- രേണുരാജ് പറഞ്ഞു.

രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുകളുണ്ടായത് മനസിലാക്കുന്നു. ഞാനാണെങ്കിലും ഇത്തരത്തിലേ പ്രതികരിക്കുമായിരുന്നുള്ളൂ. ഒരുപക്ഷേ, അവധി പ്രഖ്യാപിക്കാതിരിക്കുകയും എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയും ചെയ്തിരുന്നെങ്കിൽ ഇതേ ആളുകൾ തന്നെ തിരിച്ചും പറഞ്ഞേനെ. ജനത്തിനുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഇത്തരം വിഷയങ്ങളിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാത്തവിധം നടപടികളെടുക്കാൻ ശ്രദ്ധിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Advertisement
Advertisement