ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം, കമ്പോഡിയ അങ്കോർവാട്ട് ക്ഷേത്രം പുതുക്കിപ്പണിയാൻ വീണ്ടും ഇന്ത്യ

Thursday 11 August 2022 12:56 AM IST

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമായ കമ്പോഡിയയിലെ അങ്കോർവാട്ടിൽ ഉൾപ്പെട്ട തകർന്ന ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയ്ക്ക് വീണ്ടും ചുമതല. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി കമ്പോഡിയ സന്ദർശിച്ച ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറഞ്ഞു. 400 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം. ഇതിൽ ഉൾപ്പെട്ട 'താ പ്രോഹ'ത്തിലെ (Ta-Prohm) ഒരു ഡസനോളം ക്ഷേത്രങ്ങൾ 2007-2010 കാലയളവിൽ പുനർനിർമ്മിച്ചത് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയാണ്. ഏഷ്യൻ വൻകരയുടെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന കമ്പോഡിയയുടെ മുഖ്യവരുമാനം ടൂറിസമാണ്. നെല്ലും മാവുമാണ് കൃഷി. സിംഗപ്പൂരിൽ നിന്ന് രണ്ടര മണിക്കൂറാണ് ഇവിടേയ്ക്കുള്ള വിമാന യാത്രാസമയം.

1975 മുതൽ 78 വരെ വിമതസൈന്യമായ ഖമർ പട്ടാളത്തിന്റെ ഭരണകാലത്താണ് അങ്കോർവാട്ട് ക്ഷേത്രസമുച്ചയം തകർക്കപ്പെട്ടത്. പിന്നീട് അധികാരത്തിലെത്തിയ കമ്പോഡിയൻ സർക്കാർ ക്ഷേത്രപുനർനിർമ്മാണത്തിന് വൈദഗ്ദ്ധ്യമുള്ളവരില്ലാത്തതിനാൽ യുനെസ്കോയുടെ സഹായം തേടി. ഫ്രാൻസിന്റെയോ ഇന്ത്യയുടെയോ നിർമ്മാണ ശൈലിയാണ് കമ്പോഡിയ ആഗ്രഹിച്ചത്. മാതൃകകളിൽ സ്വീകാര്യമായത് ഇന്ത്യൻ ശൈലിയാണ്.

യുനെസ്കോയ്ക്കുള്ള സംഭാവന (അംഗരാജ്യങ്ങൾ യുനെസ്കോയ്ക്ക് നിശ്ചിത വിഹിതം നൽകേണ്ടതുണ്ട്) എന്ന നിലയിൽ ഭാരത സർക്കാരാണ് നിർമ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്.

അങ്കോർവാട്ട് അഥവ വിഷ്ണുലോകം

ഏഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന അങ്കോർവാട്ട് (വിഷ്ണുലോകം) ക്ഷേത്രത്തിൽ വിഷ്ണുദേവനെയാണ് ആരാധിച്ചിരുന്നതെങ്കിലും 15-ാം നൂറ്റാണ്ടോടെ ബുദ്ധ ക്ഷേത്രമായി മാറി. ഇവിടത്തെ ലിഖിതങ്ങളിൽ പലതും പല്ലവഗ്രന്ഥ ഭാഷയിലാണ്. നൂറു കണക്കിന് ബുദ്ധവിഗ്രഹങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നെങ്കിലും 10 വിഗ്രഹങ്ങൾക്കു മാത്രമാണ് തലയുള്ളത്. മറ്റുവിഗ്രഹങ്ങളിൽ നിന്ന് അറുത്തുമാറ്റപ്പെട്ട തലകൾ അമേരിക്കയിലെയും ഫ്രാൻസിലെയും സമ്പന്നരുടെ തോട്ടങ്ങളിൽ അലങ്കാര വസ്തുവായി സൂക്ഷിച്ചിരിക്കയാണ്. പോൾപോർട്ട് സർവ്വസൈന്യാധിപനായുള്ള ഖമർ പട്ടാളം അധികാരം കൈയാളിയ 75-78 കാലഘട്ടത്തിലാണ് ആരാധനാലയങ്ങൾ തകർത്തത്.

നിർമ്മാണ കൗശലം

താ പ്രോഹം ക്ഷേത്രത്തോട് ചേർന്ന് കൂറ്റൻ ആൽമരമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി വേരുകൾക്ക് കേടുവരാത്ത വിധത്തിലുള്ള സാങ്കേതിക വിദ്യയിലൂടെയാണ് നിലനിറുത്തിയിട്ടുള്ളത്. ഇപ്പോൾ ഈ വേരുകൾ ക്ഷേത്ര ഭിത്തിയുടെ സംരക്ഷണ കവചമാണ്. കേരളത്തിലെ പ്രസിദ്ധമായ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലേതുപോലുള്ള അന്തരീക്ഷമാണ്. പുള്ളുവൻ വീണയ്ക്കും പുള്ളുവൻ കുടത്തിനും സമാനമായ സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് ഇവിടെ പാട്ടുപാടാറുള്ളത്.

Advertisement
Advertisement