മധുവിന്റെ അമ്മയുടെ പട്ടയം കൈവശപ്പെടുത്തൽ: ഒറ്റമൂലി കേന്ദ്രത്തിനെതിരെ അന്വേഷണം

Thursday 11 August 2022 1:41 AM IST
പട്ടയം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയുടേത് അടക്കമുള്ള വനാവകാശ നിയമപ്രകാരം സർക്കാർ അനുവദിച്ച പട്ടയങ്ങൾ വള്ളിയമ്മാൾ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

അഗളി ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പട്ടയം കൈവശപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് ഇവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.

5000 മുതൽ 25,000 രൂപ വരെയുള്ള തുകകൾക്കാണ് പട്ടയം പണയപ്പെടുത്തിയത്. ഉയർന്ന വട്ടി പലിശയാണ് ഇവരിൽ നിന്ന് ഈടാക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ദരിദ്രരായ ആദിവാസികൾക്ക് പിന്നീട് പട്ടയങ്ങൾ തിരിച്ചെടുക്കാൻ കഴിയാറില്ല. ചികിത്സാ കേന്ദ്രത്തിന്റെ ഉടമയായ രവീന്ദ്രൻ വൈദ്യരും ഭാര്യ സലിമയും ആദിവാസികളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തുകയാണെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം രവീന്ദ്രൻ വൈദ്യരുടെ ഭാര്യയുടെ അച്ഛൻ മധുവിന്റെ അമ്മ മല്ലിയെ മധു വധക്കേസിൽ നിന്നും പിൻമാറുന്നതിനായി സ്വാധീനിക്കാൻ ശ്രമിച്ചതായി അമ്മ അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. മധു വധക്കേസിലെ കൂറുമാറലിന് പിന്നിൽ ഇവരുടെ കരങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു.

Advertisement
Advertisement