'ജനങ്ങൾ കൂടെയുണ്ടെങ്കിൽ ഒരു ഇ ഡിയെയും പേടിക്കേണ്ടതില്ല'; ഹാജരാകേണ്ട എന്ന തീരുമാനം പാർട്ടിയുടേത് കൂടിയാണെന്ന് തോമസ് ഐസക്

Thursday 11 August 2022 11:30 AM IST

തിരുവനന്തപുരം: നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) തനിക്കയച്ച സമൻസ് പിൻവലിക്കണമെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ഹാജരാകാൻ ആവശ്യപ്പെട്ടതിന്റെ കാരണം കാണിക്കുകയാണെങ്കിൽ നിയമാനുസൃതമായി പോകാൻ എതിർപ്പില്ല. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. 'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്. ഇ ഡിക്ക് മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനമല്ല, പാർട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും തോമസ് ഐസക് പറഞ്ഞു.

'ഒന്നര വർഷത്തിലേറെയായി അന്വേഷണം നടത്തുന്നുണ്ട്. ആര്‍ബിഐക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരെ പലപ്രാവശ്യം വിളിച്ചുവരുത്തി. ഇതെല്ലാം കഴിഞ്ഞിട്ടും എന്താണ് കുറ്റമെന്ന് പറയാന്‍ ഇ ഡിക്ക് കഴിഞ്ഞിട്ടില്ല. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.' - തോമസ് ഐസക് പറഞ്ഞു.

'രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും കേന്ദ്രം ഇ ഡിയെ ഉപയോഗിക്കുകയാണ്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അത് നടക്കില്ല, കേരളം പാപ്പരാകില്ല. കാരണം ഒരു സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രധാനപ്പെട്ടതൊന്നും കേന്ദ്രത്തിന് ഇല്ലാതാക്കാനാകില്ല. വായ്പ തരാതിരിക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിക്കുക. കിഫ്ബിയെ കുറിച്ച് ആദ്യമായി പറഞ്ഞത് 2011-ലെ ബജറ്റിലാണ്. ദൗര്‍ഭാഗ്യവശാല്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ചയുണ്ടായില്ല. യുഡിഎഫ് വന്നു. അഞ്ചുവര്‍ഷക്കാലം കിഫ്ബി അടച്ചുമൂടപ്പെട്ടു. അതിന് ശേഷം എല്‍ഡിഎഫ് വന്നപ്പോഴാണ് കിഫ്ബി പ്രാവര്‍ത്തികമായത്. ഉമ്മന്‍ചാണ്ടിയുടെ ആ അഞ്ച് വര്‍ഷം കേരളത്തിന് നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ കേരളം ഇന്ന് മാറിപോകുമായിരുന്നു. വേറൊരു കേരളമായി മാറാന്‍ കഴിയുമായിരുന്നു. ഈ സംസ്ഥാനത്തിന്റെ വികസനത്തിന് മുടക്കം ഉണ്ടാക്കിയവരാണ് പ്രതിപക്ഷത്തിരിക്കുന്നവര്‍. അവര്‍ ഇപ്പോള്‍ ഇ ഡിക്കൊപ്പമാണ്. കേരളത്തിലും കേന്ദ്രത്തിലും അവര്‍ക്ക് വ്യത്യസ്ത നിലപാടാണ്. ജനങ്ങൾ കൂടെയുണ്ടെങ്കിൽ ഒരു ഇ ഡിയെയും പേടിക്കേണ്ടതില്ല'- തോമസ് ഐസക് കൂട്ടിച്ചേർത്തു.