സിറ്റി ഗ്യാസ് പദ്ധതി നഗരത്തിൽ ആറിടത്ത് റഗുലേറ്റിംഗ് സ്റ്റേഷൻ

Friday 12 August 2022 12:02 AM IST
സിറ്റി ഗ്യാസ്

കോഴിക്കോട് : ഗെയിൽ സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വീടുകളിൽ പ്രകൃതി വാതകം എത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ആറിടത്ത് ഡിസ്ട്രിക്ട് റഗുലേറ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടാകും.

ആറ് സ്ഥലങ്ങളിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി തേടി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേഷന് അപേക്ഷ നൽകിയിരുന്നു. അതുപ്രകാരം ഏപ്രിലിൽ ചേർന്ന കൗൺസിൽ യോഗം ചേവായൂർ, പാളയം, ബീച്ച് എന്നിവിടങ്ങളിൽ പരിശോധന നടത്തി റഗുലേറ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിരുന്നു. പരിശോധനയിൽ കണ്ടെത്തിയ സ്ഥലങ്ങൾക്ക് ടൗൺ പ്ലാനിംഗ് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.

@ റഗുലേറ്റിംഗ് സ്റ്റേഷൻ വരുന്ന സ്ഥലങ്ങൾ

ചേവായൂർ പഴയ റോഡിലെ പാർക്കിന് മുന്നിൽ

പാളയം രാമൻ മോനോൻ റോഡ് ടെമ്പോ സ്റ്റാന്റിന് സമീപം

ചേവായൂർ ത്വക്ക് രോഗാശുപത്രിക്ക് സമീപം

ബീച്ച് റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം

മാനാഞ്ചിറ ഇൻകംടാക്‌സ് ഓഫീസിന് സമീപം

വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിലെ സ്മാരകത്തിന് പിന്നിൽ

@ റെഗുലേറ്റിംഗ് സ്റ്റേഷൻ എന്തിന്

വീടുകളിലേക്ക് ഗ്യാസ് എത്തിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനും മർദ്ദം കുറയ്ക്കുന്നതിനുമാണ് നഗരത്തിൽ റെഗുലേറ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

@ ജില്ലയിൽ രണ്ടാംഘട്ടം പൂർത്തിയായി

ജില്ലയിലെ വിതരണ കേന്ദ്രമായ ഉണ്ണികുളത്തെ എകരൂലിൽ പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം എത്തിച്ചതോടെ ജില്ലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടം കഴിഞ്ഞ മാസത്തോടെ പൂർത്തിയായിരുന്നു. എൽ.പി.ജിയേക്കാൾ ചെലവു കുറഞ്ഞതും സുരക്ഷിതവുമാണ് പദ്ധതി. മംഗളൂരു – കൊച്ചി ഗ്യാസ് പൈപ്പ് ലൈനിൽ നിന്ന് നേരിട്ടാണ് സിറ്റി ഗ്യാസ് സ്റ്റേഷനിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നഗരത്തിൽ പുരോഗമിക്കുകയാണ്. അടുത്തവർഷത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ജില്ലയിൽ 64 കിലോമീറ്ററാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. 48 കിലോമീറ്റർ പൈപ്പിടുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

Advertisement
Advertisement