മുന്നറിയിപ്പില്ലാതെ കുഴിയടയ്‌ക്കൽ ചോദ്യംചെയ്തു-- കാർയാത്രികരെ തിളച്ച ടാറൊഴിച്ചു പൊള്ളിച്ചു

Friday 12 August 2022 12:00 AM IST
ടാർ വീണ് പൊള്ളലേറ്റ വിനോദ് വർഗീസ് സ്വകാര്യ ആശുപത്രിയിൽ

മൂന്ന് പേർക്ക് പൊള്ളൽ,​ ഒരാൾ അറസ്റ്റിൽ

കൊച്ചി: മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ റോഡിലെ കുഴിയടയ്ക്കുന്നത് ചോദ്യം ചെയ്ത ബന്ധുക്കളായ മൂന്നു കാർയാത്രക്കാരുടെ ദേഹത്തേക്ക് തൊഴിലാളികളിൽ ഒരാൾ തിളച്ച ടാർ ഒഴിച്ചു. സാരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിലവന്നൂർ ചെറമ്മേൽവീട്ടിൽ വിനോദ് വർഗീസ് (40), ചെറമ്മേൽ ജോസഫ് വിനു (36), ചെറമ്മേൽ പറമ്പിൽ ആന്റണി ജിജോ(40) എന്നിവർക്കാണ് പൊള്ളലേറ്റത്. വിനോദിനും ജോസഫിനും കൈകൾക്കും കാലിനും സാരമായ പൊള്ളലുണ്ട്. ആന്റണിയുടെ കൈയാണ് പൊള്ളിയത്. ടാറൊഴിച്ച തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പനെ (68) പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ചിലവന്നൂർ വാട്ടർ ലാൻഡ് റോഡിൽ ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. എളംകുളത്തുനിന്ന് ചിലവന്നൂരിലേക്ക് കാറിൽ വന്ന ഇവർ വാട്ടർലാൻഡ് റോഡിൽ അറ്റകുറ്റപ്പണിയുടെ കുരുക്കിൽപ്പെട്ടു. ഇരുവശത്തും ഗതാഗത നിയന്ത്രണം അറിയിച്ച് ബോർഡ് വയ്ക്കാതെ കുഴിയടയ്ക്കുന്നത് കാറിൽ നിന്ന് ഇറങ്ങിവന്ന് ഇവർ ചോദ്യം ചെയ്തു. മലയാളികളായ തൊഴിലാളികളുമായുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു.

സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ കൃഷ്ണപ്പനെ അവിടെ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. ഇയാൾക്ക് നേരിയ പൊള്ളലേറ്റിട്ടുണ്ട്. .

നാട്ടുകാർ ഓടിക്കൂടിയെങ്കിലും അതിനുമുമ്പേ കൃഷ്ണപ്പൻ രക്ഷപ്പെട്ടിരുന്നു.

പൊള്ളലേറ്റ മൂവർ സംഘമാണ് തങ്ങളെ കൈയേറ്റം ചെയ്തതെന്ന് കൃഷ്ണപ്പൻ പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റാണ്.

വളഞ്ഞമ്പലം സ്വദേശി ടി.ജെ. മത്തായിക്കാണ് റോഡ് പണിയുടെ കരാർ. തൊഴിലാളികളിൽ തമിഴരും ഉണ്ടായിരുന്നുവെന്ന് സൗത്ത് പൊലീസ് പറഞ്ഞു

സൗത്ത് സി.ഐ എം.എസ്. ഫൈസൽ, എസ്.ഐ ജെ. അജേഷ് എന്നിവരുടെ സംഘമാണ് കൃഷ്ണപ്പനെ അറസ്റ്റുചെയ്തത്.

Advertisement
Advertisement