മുൻമന്ത്രി ആർ. സുന്ദരേശൻ നായർ അന്തരിച്ചു

Friday 12 August 2022 12:00 AM IST

തിരുവനന്തപുരം: മുൻമന്ത്രിയും എൻ.ഡി.പി ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. സുന്ദരേശൻ നായർ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ പുലർച്ചെ കുന്നുകുഴി തമ്പുരാൻമുക്കിലെ വീടായ പ്രയാഗയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 9ന് തൈക്കാട് ശാന്തികവാടത്തിൽ.

കെ. കരുണാകരൻ മന്ത്രിസഭയിൽ 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ ആരോഗ്യ- ടൂറിസം മന്ത്രിയായിരുന്നു. ഇക്കാലയളവിൽ എൻ.ഡി.പി പാർലമെന്ററി പാർട്ടി നേതാവുമായിരുന്നു. എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ എൻ.ഡി.പിയുടെ സ്ഥാനാർത്ഥിയായി നെയ്യാറ്റിൻകരയിൽ നിന്ന് 1977ലും 1980ലും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1982ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എൻ.എസ്.എസ് പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശനം.

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, പി.എസ്.സി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തലസ്ഥാനത്തെ പ്രശസ്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറി ട്യൂട്ടോറിയൽ കോളേജ് സ്ഥാപകനും അദ്ധ്യാപകനുമായിരുന്നു. എം. രാഘവൻ നായരുടെയും കമലമ്മയുടെയും മകനായി നെയ്യാറ്റിൻകരയിലായിരുന്നു ജനനം.

ഭാര്യ: ബി. ലീലാകുമാരി (റിട്ട. അഡിഷണൽ സെക്രട്ടറി). മക്കൾ: പ്രീത എസ്. നായർ (എൽ.ഐ.സി), പ്രതിഭ എസ്. നായർ (എം.ജി കോളേജ് ), പ്രതീക് എസ്. നായർ (ഹോങ്കോംഗ്). മരുമക്കൾ:
അഡ്വ. എസ്. സുദീപ്, ഗോപകുമാർ. പി., നിഷ ജി.ആർ.

Advertisement
Advertisement