അഞ്ചുവർഷത്തിനകം ആഗോള ഭീമനാകാൻ കൊച്ചി കപ്പൽശാല

Friday 12 August 2022 3:16 AM IST

കൊച്ചി: അടുത്ത അഞ്ചുവർഷത്തിനകം കൊച്ചി കപ്പൽശാല കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോളകേന്ദ്രമായി മാറുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ പറഞ്ഞു. എറണാകുളം പ്രസ്ക്ളബ്ബിന്റെ 'മീറ്റ് ദ പ്രസിൽ" സംസാരിക്കുകയായിരുന്നു അദ്ദേഹം.

2,800 കോടി രൂപയുടെ വികസനപദ്ധതികൾ നടക്കുന്നു. ഇതുവഴി മൂവായിരം തൊഴിലവസരങ്ങൾ ലഭ്യമാക്കും. വെല്ലിംഗ്ടൺ യാർഡിലെ ഇന്റർനാഷണൽ ഷിപ്പ്റിപ്പയർ ഫെസിലിറ്റി (ഐ.എസ്.ആർ.എഫ്) 2023 ഡിസംബറിൽ സജ്ജമാകും. 970 കോടിയുടെ പദ്ധതിയാണിത്. ഇതോടനുബന്ധിച്ച് മാരിടൈം പാർക്കുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പൽശാലയുടെ ഏഴു യൂണിറ്റുകളും ലാഭത്തിലാണ്.

കഴിഞ്ഞ 30 വർഷമായി കപ്പൽശാലയും തുടർച്ചയായി ലാഭത്തിലാണ്. കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും വഴി 4,400 കോടി രൂപയുടെ വരുമാനവളർച്ച നേടി. അഞ്ചുവർഷത്തിനകം വരുമാനം ഇരട്ടിയാകുമെന്ന് കരുതുന്നു. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്. അമേരിക്ക, നോർവെ എന്നിവിടങ്ങളിൽ നിന്നും ഓർഡറുകളുണ്ട്.

ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും സ്‌റ്റാർട്ടപ്പ് ഇക്കോ സിസ്‌റ്റവുമായി സഹകരിക്കാനും കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണയുണ്ട്; ചെന്നൈ ഐ.ഐ.ടിയുമായും ഉടൻ ധാരണാപത്രം ഒപ്പുവയ്ക്കും.

തൊഴിലാളി സമരങ്ങൾ മൂലം കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താൻ കപ്പൽശാലയ്ക്ക് കഴിഞ്ഞു. ഹർത്താൽ ഒഴികെ 35 വർഷത്തിനിടെ സ്ഥിരംതൊഴിലാളികൾ ഒരുദിവസം പോലും പണിമുടക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.