ലക്കി ബിൽ മൊബൈൽ ആപ്പ് 16 മുതൽ: വിജയിക്ക് 25 ലക്ഷം രൂപ

Friday 12 August 2022 12:00 AM IST

തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാൻ ചരക്ക് സേവന നികുതി വകുപ്പിന്റ 'ലക്കി ബിൽ" മൊബൈൽ ആപ്പ് 16ന് തുടങ്ങും. ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപ ലഭിക്കും. കൂടാതെ ദിവസസമ്മാനങ്ങളും ആഴ്ച - മാസ നറുക്കെടുപ്പുകളുമുണ്ട്. ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനം ബമ്പർ സമ്മാനവും നൽകും.

പ്രതിദിന നറുക്കെടുപ്പിലൂടെ 25 പേർക്ക് കുടുംബശ്രീയുടെ 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റ് നൽകും. 25 പേർക്ക് വനശ്രീയടെ 1000 രൂപയുടെ സമ്മാനവും നൽകും. പ്രതിവാര നറുക്കെടുപ്പിലൂടെ 25 പേർക്ക് കെ.ടി.ഡി.സിയുടെ സൗജന്യ ഫാമിലി താമസസൗകര്യം (3 പകൽ/2 രാത്രി) ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്നവർക്ക് അഞ്ചു പേർക്ക് 2 ലക്ഷം വീതവും, മൂന്നാം സമ്മാനം നേടുന്ന അഞ്ചു പേർക്ക് ഒരു ലക്ഷം വീതവും നൽകും. വർഷം അഞ്ചു കോടിയുടെ സമ്മാനങ്ങൾ ആപ്പ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും.

16ന് വൈകിട്ട് നാലിന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലക്കിബിൽ ആപ്പ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്‌സൈറ്റായ www.keralataxes.gov.in ൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ് ലോഡ് ചെയ്യാം.

Advertisement
Advertisement