വൈദ്യുതി വിച്ഛേദിച്ച് കരാറുകാരുടെ കൊള്ള

Friday 12 August 2022 1:44 AM IST

കൊല്ലം: അറ്റകുറ്റപ്പണികളുടെ പേരിൽ ഫീഡർ തലത്തിൽ വൈദ്യുതി വിച്ഛേദിച്ച് കരാറുകൾ ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നു. ആറുമാസത്തിലൊരിക്കൽ മരച്ചില്ലകൾ മുറിക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഒന്നിടവിട്ട മാസങ്ങളിൽ ഇതിന്റെ പേരിൽ ജോലികൾ നടത്തുകയാണ്. ഇങ്ങനെ ഓരോ ദിവസവും വൈദ്യുതി മുടക്കത്തിന്റെ പേരിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.

നേരത്തെ അറ്റകുറ്റപ്പണികൾ നടത്തേണ്ടയിടത്തെ ട്രാൻസ്‌ഫോർമർ പരിധിയിൽ മാത്രമായിരുന്നു വൈദ്യുതി മുടക്കിയിരുന്നത്. എന്നാൽ 20 മുതൽ 70 വരെ ട്രാൻസ്ഫോർമറുകൾ ഉൾപ്പെടുന്ന ഫീഡറുകൾ പൂർണമായും ഓഫാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്.

രണ്ട് സെക്ഷനുകൾ ഉൾപ്പെടുന്ന ഫീഡറുകളിൽ ഏതെങ്കിലും ഒരിടത്ത് അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ ഇരുസെക്ഷനിലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. രണ്ടിടത്തും രണ്ട് കരാറുകാരാണെങ്കിലും അതത് കരാറുകാർ പണി പൂർത്തീകരിക്കുന്നത് വരെ ഇരു സെക്ഷനിലും വൈദ്യുതി വിതരണം തടസപ്പെടും.

അതേസമയം അറ്റകുറ്റപ്പണികളൊന്നും നടക്കാത്ത അടുത്ത സെക്ഷനിൽ വൈദ്യുതി മുടങ്ങിയത് അറ്റകുറ്റപ്പണികളുടെ പേരിലാണെന്ന തരത്തിൽ കരാറുകാർ വകുപ്പിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നുണ്ട്.

കറന്റ് കട്ട് ഫീഡർ തലത്തിൽ

1. ഓരോ സബ്‌ സ്​റ്റേഷനിലും അഞ്ചോ അതിലധികമോ ഫീഡർ

2. ഓരോ ഫീഡറിലും 20മുതൽ 70വരെ ട്രാൻസ്‌ഫോർമറുകൾ

3. ചെറിയ അ​റ്റകു​റ്റപ്പണികൾക്കും ഫീഡർ ലൈനുകൾ ഓഫാക്കും

4. മ​റ്റിടങ്ങളിൽ അഞ്ച് മുതൽ പത്ത് മിനിട്ട് ഇടവേളകളിൽ വൈദ്യുതി കടത്തിവിടും

5. വോൾട്ടേജ്‌ നില ക്രമീകരിക്കാനെന്ന് വിശദീകരണം

6. വൈദ്യുതി മുടങ്ങിയത് സംബന്ധിച്ച് കാരണം വ്യക്തമാക്കില്ല

7. അറ്റകുറ്റപ്പണി രേഖപ്പെടുത്തുന്നത് സെക്ഷൻ ഓഫീസുകളിൽ

കെ.എസ്.ഇ.ബിയുടെ വിശദീകരണം

1. വൈദ്യുതി തൂണുകളിൽ 11 കെ.വി ലൈനുകൾ കൂടി സ്ഥാപിച്ചതാണ് ട്രാൻസ്‌ഫോർമർ തലത്തിൽ വൈദ്യുതി മുടക്കാനാകാത്തത്

2. 11 കെ.വി ലൈനുകൾക്ക് താഴെയുള്ള ലോ ടെൻഷൻ ലൈനുകൾ മാത്രം ഓഫാക്കി അ​റ്റകു​റ്റപ്പണി സാദ്ധ്യമാകില്ല

3. ഹൈടെൻഷൻ ലൈനുകളിൽ നിന്നുള്ള മാഗ്‌ന​റ്റിക് മേഖലയിൽ അപകടസാദ്ധ്യത കൂടുതലായതിനാലാണ് ഫീഡർ തലത്തിൽ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നത്

4. വോൾട്ടേജ് വ്യതിയാനം നിയന്ത്റിക്കാൻ ഇടയ്ക്കിടെ വൈദ്യുതി കടത്തിവിടുന്നതിന് ബദലായി നിലവിൽ മ​റ്റു മാർഗങ്ങളില്ല

5. കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഇതിന് പരിഹാരമാകും

ഇഴഞ്ഞിഴഞ്ഞ് മൂന്നര വർഷം

11 കെ.വി ലൈനുകൾക്ക് പകരമായി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നര വർഷത്തോളമായി. വൈദ്യുതി മുടക്കം വീണ്ടും ട്രാൻസ്‌ഫോർമർ തലത്തിലേക്കെത്തുന്നത് നഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പ്രവൃത്തികൾ വൈകിപ്പിക്കുന്നത്. കേബിൾ സ്ഥാപിക്കുന്ന ജോലികൾ എന്ന് പൂർത്തീകരിക്കുമെന്നതിൽ കെ.എസ്.ഇ.ബിക്കും വ്യക്തതയില്ല.

വൈദ്യുതി മുടങ്ങുന്നതിനാൽ മിക്ക സെക്ഷൻ ഓഫീസുകളിലും ഫോൺ പ്രവർത്തനരഹിതമാണ്. റിസീവർ മാറ്റിവയ്ക്കാറുമുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ മറുപടിയും നൽകാറില്ല.

ഉപഭോക്താക്കൾ

Advertisement
Advertisement