ഇനിയും പത്ത് ദിവസം വേണം, ജീവനക്കാരുടെ ശമ്പളം നൽകുന്നതിന്  സാവകാശം  വേണമെന്ന് കെ എസ് ആർ ടി സി ഹൈക്കോടതിയിൽ

Friday 12 August 2022 5:30 PM IST

കൊച്ചി: ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് സാവകാശം വേണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. ജൂലായ് മാസത്തെ ശമ്പളം നൽകാൻ പത്ത് ദിവസം കൂടി വേണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

ജൂലായ് മാസത്തെ ശമ്പളം ഈ മാസം പത്തിന് മുൻപ് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ശമ്പള വിതരണം വൈകുന്നതിൽ സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഈ സാഹചര്യത്തിലാണ് നടപടി.

അതസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വരുമാനമുപയോഗിച്ച് മാത്രം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17 ന് ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.