സിനിമയുടെ പേരിൽ കുഴി വിവാദം അനാവശ്യം: ബിജു നാരായണൻ

Saturday 13 August 2022 12:05 AM IST

കൊച്ചി: ‘ന്നാ താൻ കേസ് കൊട് ' എന്ന സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് ഗായകൻ ബിജു നാരായണൻ പറഞ്ഞു. റോഡിലെ കുഴികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കലയിൽ രാഷ്ട്രിയം കലർത്തേണ്ട കാര്യമില്ല. പൊതുമരാമത്ത് മന്ത്രി പക്വതയോടെ കാര്യങ്ങൾ പറ‌ഞ്ഞതോടെ വിവാദം അവസാനിച്ചു.

എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഞ്ചിയമ്മയുടേത് സംഗീതം ആത്മാവിൽ നിന്ന് വരുന്നതാണ്. അവർ പാടുന്നത് ചിരിച്ചുകൊണ്ടാണ്. പാട്ടു പാടുന്നതിന് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്നില്ല. സംഗീതം പഠിച്ചിട്ടില്ലാത്ത എത്രയോപേർ പ്രശസ്ത ഗായകരായിരിക്കുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം ഉദാഹരണമാണ്.

തന്റെ സംഗീത ജീവിതത്തിന്റെ 30 വർഷം തികയുകയാണ്. 1992ൽ ഭരതൻ സംവിധാനം ചെയ്ത വെങ്കലത്തിലെ "പത്തുവെളുപ്പിന്" എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായത്. 35-ാം വർഷം ഭരതന്റെ കാതോട് കാതോരം ചിത്രത്തിലെ ദേവതൂതർ പാടി എന്ന ഗാനം "ന്നാ താൻ കേസ് കൊട് " എന്ന ചിത്രത്തിലൂടെ പാടാൻ സാധിച്ചതും അനുഗ്രഹമാണ്.

37 വർഷങ്ങൾക്ക് മുമ്പ് തേവര സ്കൂളിൽ ഈ പാട്ട് പാടിയിട്ടുണ്ട്. 300 ഓളം സിനിമയിൽ ഇതിനോടകം പാടി. പാടിയ എല്ലാ പാട്ടിനും പ്രതിഫലം കിട്ടിയിട്ടില്ല. അതിൽ വിഷമമൊന്നുമില്ല. സിനിമയ്ക്ക് വേണ്ടത് ഗായകരെയല്ല, ഗായകർക്ക് സിനിമയാണ് വേണ്ടതെന്നും അതിനാൽ പ്രതിഫലം വലിയ വിഷയമായി കരുതാനും കഴിയില്ല. പഴയകാലഘട്ടത്തിൽ നിന്ന് സാങ്കേതികമായി സിനിമ ഒരുപാട് മാറി. റെക്കാഡിംഗ് എളുപ്പമായി. പാട്ടിന്റെ ഭാവം പ്രധാനമാണ്. പിന്നണി ഗാനരംഗത്ത് ഒരുപാട് ഗായകർ വന്നിട്ടുണ്ട്. മുമ്പ് ഗായകർ കുറവായിരുന്നു, ഇപ്പോൾ നിരവധി ഗായകരുണ്ട്. സംഗീതത്തോടൊപ്പം ഗാനരംഗവും പ്രധാനമാണ്. ഹിറ്റുകൾ ഉണ്ടെങ്കിലാണ് ഗായകർ ശ്രദ്ധിക്കപ്പെടുന്നത്.

പ്രകാശ് രചിച്ച് സോണി സായി സംഗീതം പകർന്ന ഓർമ്മകൾ മാത്രം എന്ന ആദ്യ ഗസൽ ആൽബം ഇന്ന് കുഞ്ചാക്കോ ബോബന്റ ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യും. മൂന്ന് വർഷം മുമ്പ് മരിച്ച ശ്രീലതയ്ക്ക് ആൽബം സമർപ്പിക്കുമെന്ന് ബിജു നാരായണൻ പറഞ്ഞു.

Advertisement
Advertisement