സാമൂഹ്യ സുരക്ഷാ പെൻഷന് ജീവിത നിലവാരവും പരിശോധിക്കും

Saturday 13 August 2022 12:06 AM IST
pension

കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റിന് പുറമേ അപേക്ഷകന്റെ മറ്റ് ഭൗതിക സാഹചര്യങ്ങളും ജീവിത നിലവാരവും പരിശോധിക്കുമെന്ന് കോഴിക്കോട് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഈ നിബന്ധനകൾക്ക് വിരുദ്ധമായി അനർഹരായവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ പ്രാദേശിക സർക്കാർ സെക്രട്ടറിയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും മാത്രം ഉത്തരവാദിയായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ റിപ്പോർട്ടിൽ വ്യക്തമാക്കി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.

വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിനായി 2021 ജനുവരിയിൽ സമർപ്പിച്ച അപേക്ഷ കോഴിക്കോട് നഗരസഭ നിരസിച്ചെന്ന ഗോവിന്ദപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.

അന്വേഷണത്തിൽ പരാതിക്കാരിയുടെ രണ്ട് മക്കൾ അവർക്കൊപ്പമാണ് താമസിക്കുന്നതെന്ന് റിപ്പേർട്ടിൽ പറയുന്നു. മൂത്ത മകന് കാറുണ്ട്. വീട്ടിൽ എ.സി ഉണ്ട്. പരാതിക്കാരി താമസിക്കുന്ന വീടിന്റെ മുകൾനില വാടകയ്ക്ക് നൽകിയിട്ടുണ്ട്. നഗരമദ്ധ്യത്തിൽ 4 കിലോമീറ്റർ ദൂരത്തിലാണ് പരാതിക്കാരിക്ക് വീടുള്ളത്. വീട്ടിലേക്ക് കാർ വരുന്ന തരത്തിലുള്ള വഴിയുണ്ട്. 15000 രൂപ പ്രതിമാസ വാടകയിനത്തിൽ ലഭിക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് സർക്കാർ നിശ്ചയിച്ച കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. പരാതിക്കാരിക്ക് ഇതിനേക്കാൾ വരുമാനമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement