നാണയപ്പെരുപ്പം താഴുന്നു; ഉണർവ് കൈവിട്ട് വ്യവസായം

Saturday 13 August 2022 3:28 AM IST

ജൂലായിൽ റീട്ടെയിൽ നാണയപ്പെരുപ്പം 6.71%

ഐ.ഐ.പി വളർച്ച ജൂണിൽ 12.3%

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും സാമ്പത്തികലോകത്തിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസം പകർന്ന് ഉപഭോക്തൃവില (റീട്ടെയിൽ)​ സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ജൂലായിൽ 6.71 ശതമാനത്തിലേക്ക് താഴ്‌ന്നു. ഏപ്രിലിൽ 7.79 ശതമാനവും മേയിൽ 7.04 ശതമാനവും ജൂണിൽ 7.01 ശതമാനവുമായിരുന്നു.

ഭക്ഷ്യവിലപ്പെരുപ്പം 7.75 ശതമാനത്തിൽ നിന്ന് 6.75 ശതമാനത്തിലേക്ക് താഴ്‌ന്നതാണ് കഴിഞ്ഞമാസം നാണയപ്പെരുപ്പം കുറയാൻ മുഖ്യകാരണമായത്. റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്.

നാണയപ്പെരുപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമായ ആറു ശതമാനത്തിനുള്ളിൽ തിരിച്ചെത്തിക്കുന്നത് ലക്ഷ്യമിട്ട് തുടർച്ചയായി മൂന്നുതവണയായി റിസർവ് ബാങ്ക് പലിശനിരക്ക് 1.4 ശതമാനം കൂട്ടിയിരുന്നു. നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശനിരക്ക് കൂട്ടുന്നത് റിസർവ് ബാങ്ക് തുടർന്നേക്കും.

താഴുന്ന വിലക്കയറ്റം

ജനുവരി : 6.01%

ഫെബ്രുവരി : 6.07%

മാർച്ച് : 6.95%

ഏപ്രിൽ : 7.79%

മേയ് : 7.04%

ജൂൺ : 7.01%

ജൂലായ് : 6.71%

വ്യാവസായിക വളർച്ച 12.3%

ജൂണിൽ ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി)​ 12.3 ശതമാനം വളർന്നു. മേയിൽ 19.6 ശതമാനവും കഴിഞ്ഞവർഷം ജൂണിൽ 13.8 ശതമാനവുമായിരുന്നു വളർച്ച. ഖനനം (7.5 ശതമാനം), മാനുഫാക്‌ചറിംഗ് (12.5 ശതമാനം) എന്നിവയുടെ വളർച്ച ഇടിഞ്ഞതാണ് തിരിച്ചടി. 2021 ജൂണിൽ ഇവ യഥാക്രമം 23.1 ശതമാനം, 13.2 ശതമാനം എന്നിങ്ങനെ വളർന്നിരുന്നു.

കേരളത്തിൽ 5.36%

വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നെന്ന പട്ടം കഴിഞ്ഞമാസവും കേരളം നിലനിറുത്തി. 5.36 ശതമാനമാണ് കേരളത്തിൽ നാണയപ്പെരുപ്പം. വലിയ (മേജർ) സംസ്ഥാനങ്ങളിൽ 4.13 ശതമാനവുമായി ഡൽഹിയിലാണ് നാണയപ്പെരുപ്പം ഏറ്റവും കുറവ്. നാണയപ്പെരുപ്പം രൂക്ഷം തെലങ്കാനയിലാണ്, 8.58 ശതമാനം.

Advertisement
Advertisement