പിണറായി - സതീശൻ ഡീൽ എന്തെന്ന് കെ. സുരേന്ദ്രൻ

Friday 12 August 2022 9:04 PM IST

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോൺഗ്രസിനുള്ളതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തോമസ് ഐസക്കിനെതിരെ ഇ.ഡി.അന്വേഷണം വേണ്ടെന്ന് പറഞ്ഞ വി.ഡി.സതീശൻ, പിണറായി വിജയനുമായുണ്ടാക്കിയ ഡീൽ എന്താണെന്നും സുരേന്ദ്രൻ ആരാഞ്ഞു.

പിണറായി മന്ത്രിസഭയിലെ മന്ത്രിയെപ്പോലെ പെരുമാറുന്ന സതീശൻ, കിഫ്ബിക്കായി കുറഞ്ഞ നിരക്കിൽ പണം കിട്ടുമെന്നിരിക്കെ അധിക പലിശ നൽകി പണം എടുക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. കരുവന്നൂരിലും കിഫ്ബി തട്ടിപ്പിലും എൻഫോഴ്‌സ്‌മെന്റ് അന്വേഷണംവേണ്ടെന്ന് പറയുന്നു. പുറത്തുനിന്ന് പണം വരുന്ന സംഭവങ്ങളിൽ അന്വേഷണം വരുമ്പോൾ സതീശന് വേവലാതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.