ജയഹേ,.. ഇന്ന് ദേശീയ പതാക ഉയരും

Friday 12 August 2022 10:03 PM IST
ദേശീയ പതാകകൾ തയാറാക്കുന്ന കുടുംബശ്രീ ജില്ലാമിഷനു കീഴിലുള്ള പന്തളം മുളമ്പുഴയിലെ നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ് തയ്യൽ യൂണിറ്റ് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ സന്ദർശിക്കുന്നു.

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക (ഹർ ഘർ തിരംഗ) ഇന്നു മുതൽ
15 വരെ ദേശീയ പതാകകൾ ഉയരും. ജില്ലയിൽ ആകെ 150040 ദേശീയ പതാകകളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ തയാറാക്കുന്നത്.
സ്‌കൂളുകളിൽ നിന്ന് 62361ഉം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 87679 ഉം ദേശീയ പതാകകൾക്കുള്ള ഓർഡറാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഹർ ഘർ തിരംഗയിൽ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയർത്തണമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.

ദേശീയപതാക തറയിലോ നിലത്തോ സ്പർശിക്കാനോ വെള്ളത്തിലിഴയാനോ പാടില്ല. ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയിൽ പ്രദർശിപ്പിക്കാനോ കെട്ടാനോ പാടില്ല. ദേശീയ പതാക കെട്ടുന്ന കൊടിമരത്തിൽ മറ്റു പതാകകൾ കെട്ടാൻ പാടില്ല. പതാകയിൽ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.

കെട്ടിടങ്ങളുടെ മുൻവശത്തോ, ബാൽക്കണിയിലോ, ജനൽപ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോൾ കുങ്കുമവർണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയിൽ കെട്ടണം.

Advertisement
Advertisement