കാടിളക്കി, നാടിളക്കി കാക്കരയിൽ കാട്ടാന

Friday 12 August 2022 10:03 PM IST

കോന്നി: കാട്ടാനശല്യം രൂക്ഷമായതോടെ പ്രാണഭയത്തോടെ കഴിയുകയാണ് കാക്കരയിലെ നിരവധി കുടുംബങ്ങൾ. കോന്നി ഗ്രാമ പഞ്ചായത്തിലെ അതുമ്പുംകുളം ആവോലിക്കുഴിയിലെ കാക്കര, പന്ത്രണ്ട് ഏക്കർ പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷം. വനത്തോടു ചേർന്നുള്ള ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് കൃഷിചെയ്ത് ജീവി ക്കുന്നത്. തുടർച്ചയായി രാത്രി കാലങ്ങളിൽ കാട്ടാനകൾ ഇറങ്ങി ഇവരുടെ വാഴ അടക്കമുള്ള കൃഷികൾ നശിപ്പിക്കുകയാണ്.കഴിഞ്ഞ രാത്രിയും പ്രദേശത്ത് എത്തിയ കൊമ്പനാന, പുത്തൻവീട്ടിൽ ചന്ദ്രാംഗദൻ, കണ്ണൻമല പ്രസന്നൻ, പള്ളിക്കൽ സുകു, പതാലിൽ ബിനു, ചരുവുകാലായിൽ റജി, പതാലിൽ ആനന്ദൻ എന്നിവരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു. കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം ഇവർക്ക് ലഭിക്കുന്നില്ലെന്നു മാത്രമല്ല. ഇവരുടെ ജീവനുപോലും കാട്ടാനകൾ ഭീഷണി ഉയർത്തുകയാണ്. കെട്ടുറപ്പുള്ള വീടുകളല്ല ഇവിടെയുള്ളത്.പ്രാഥമിക ആവശ്യങ്ങൾക്കായി പരിസര പ്രദേശങ്ങളാണ് ഈ കുടുംബങ്ങൾ ഉപയോഗപ്പെടുത്തിവരുന്നത്. കാട്ടാനശല്യത്തിൽ നിന്ന് ഇവരുടെ കൃഷിക്കും, ജീവനും സംരക്ഷണം നൽകാൻ വനപാലകർ നടപടികൾ സ്വീകരിക്കുന്നില്ല. കിടങ്ങുകളും സൗരോർജ്ജ വേലികളും ഇവിടെ പ്രഹസനമായിരിക്കുകയാണ്. കുങ്കി പരിശീലനം നേടിയ താപ്പാനകളെ ഇവിടെ എത്തിച്ച് ശല്യക്കാരായ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement