പ്ലസ്ടുതല പ്രാഥമിക പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് അവസരം

Saturday 13 August 2022 12:00 AM IST

തിരുവനന്തപുരം: ആഗസ്ത് 6, 27 തീയതികളിലെ പ്ലസ്ടുതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് 2022 സെപ്തംബർ 17 ന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും. അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങളുടെ പരീക്ഷയുള്ളവർ രണ്ടുപരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ്, ഹാജരാക്കണം. അപകടത്തെതുടർന്ന് ചികിത്സയിലുള്ളവർ, പ്രസവസംബന്ധമായ ചികിത്സയിലുള്ളവർ, അസുഖബാധിതർ എന്നിവർ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. പരീക്ഷാദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികളും തെളിവുസഹിതം 31നകം അപേക്ഷിക്കണം. തപാൽ/ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

അപേക്ഷ സമർപ്പിക്കാൻ വീണ്ടുമവസരം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ (കാറ്റഗറി നമ്പർ 112/2021 മുതൽ 121/2021 വരെയും ഗസറ്റ് തീയതി 30.04.2021, 343/2021, 344/2021 - ഗസറ്റ് തീയതി 15.09.2021) തസ്തികകൾക്ക് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 3 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ മലയാളം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 660/2021-ഗസറ്റ് തീയതി 30.12.2021) തസ്തികയ്ക്ക് ബൈൻഡർ തസ്തിക തസ്തികമാറ്റം മുഖേനയുള്ള യോഗ്യതയിൽ ഉൾപ്പെടുത്തിയ കൂട്ടിച്ചേർക്കൽ വിജ്ഞാപനവും, കെ.എസ്.ഇ.ബി. യിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ (കാറ്റഗറി നമ്പർ 553/2021 - ഗസറ്റ് തീയതി 30.11.2021) പ്രായപരിധി 18-36 എന്നത് 18-37 എന്ന തിരുത്തൽ വിജ്ഞാപനവും 10.08.2022 തീയതിയിലെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. കൂട്ടിച്ചേർക്കൽ/തിരുത്തൽ വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ 25 വരെ അവസരമുണ്ട്. കെ.എസ്.ഇ.ബി.യിലെ സബ് എൻജിനീയർ (കാറ്റഗറി നമ്പർ 553/2021) തസ്തികയുടെ വിജ്ഞാപന പ്രകാരം 02.01.1984 നും 01.01.1985 നുമിടയിൽ ജനിച്ച അർഹരായ ഉദ്യോഗാർത്ഥികൾക്കും, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ മലയാളം (തസ്തികമാറ്റം മുഖേന) തസ്‌തികയ്ക്ക് വിജ്ഞാപന പ്രകാരം യോഗ്യരായിരുന്ന ബൈൻഡർ തസ്തികയിൽ ഉൾപ്പെട്ടവർക്കും മാത്രം അപേക്ഷിക്കാം.

Advertisement
Advertisement