നീറ്റ്, ജെ.ഇ.ഇ, ബിരുദ പൊതുപ്രവേശന പരീക്ഷകൾ ഒന്നിച്ചാക്കാൻ യു.ജി.സി

Saturday 13 August 2022 12:01 AM IST

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്, കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്‌സുകൾക്കുള്ള സി.ഇ.ഇ.ടി-യുജി, സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ (മെയിൻ) എന്നിവ സംയോജിപ്പിച്ച് ഒറ്റ പരീക്ഷയാക്കാനുള്ള സാദ്ധ്യതകൾ യു.ജി.സി പരിശോധിക്കുന്നു.

ഒന്നിലധികം പരീക്ഷയെഴുതുമ്പോഴുള്ള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനും പരീക്ഷാ നടത്തിപ്പ് ജോലി എളുപ്പമാക്കാനും ലക്ഷ്യമിട്ടാണിത്. ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായം തേടാൻ യു.ജി.സി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. നിലവിൽ ഫിസിക്‌‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങളിൽ നീറ്റ്, ജെ.ഇ.ഇ, സി.ഇ.ഇ.ടി-യുജി പൊതുപ്രവേശന പരീക്ഷകൾ പ്രത്യേകം എഴുതേണ്ടി വരുന്നു. നാല് വിഷയങ്ങൾക്ക് ഒരു തവണ പരീക്ഷയെഴുതി വിവിധ പഠന മേഖലകളിലേക്ക് യോഗ്യത നേടാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഒറ്റ പരീക്ഷ, ഒന്നിലധികം അവസരങ്ങൾ എന്നതാണ് യു.ജി.സിയുടെ ലക്ഷ്യം.

രാജ്യത്തെ 43 ലക്ഷത്തോളം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രണ്ട് പൊതുപ്രവേശന പരീക്ഷയെങ്കിലും എഴുതുന്നവരാണ്. ജെ.ഇ.ഇ-മെയിനിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയും നീറ്റ്-യു.ജിയിൽ മാത്‌സിന് പകരം ബയോളജിയും എഴുതുന്നു. ഇവയെല്ലാം ചേർത്തുള്ള പൊതുപരീക്ഷയിലെ മാർക്ക് എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് ഉപയോഗിക്കാം. അല്ലെങ്കിൽ അവർക്ക് മറ്റു കോഴ്‌സുകളിൽ ചേരാം. പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് വളരെദൂരം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ പരീക്ഷ ആശ്വാസമാകും. ഒരു സെറ്റ് ചോദ്യപേപ്പർ തയ്യാറാക്കി ഒറ്റ പരീക്ഷ നടത്തുന്നത് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്കും കാര്യങ്ങൾ എളുപ്പമാക്കും. പരീക്ഷാച്ചെലവും കുറയ്‌ക്കാം. പൊതുപ്രവേശന പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.

സി.ഇ.ഇ.ടി-യുജി പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ തടസപ്പെട്ടത് കണക്കിലെടുത്ത് ദേശീയ പരീക്ഷാ ഏജൻസിയുടെ സ്വന്തം കേന്ദ്രങ്ങളിലാകും ഭാവിയിൽ പൊതുപ്രവേശന പരീക്ഷകൾ നടത്തുക.

Advertisement
Advertisement