33 തടവുകാരെ വിട്ടയയ്ക്കാൻ ഗവർണറുടെ അനുമതി

Saturday 13 August 2022 12:04 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് 33 തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്തത്. മാനദണ്ഡങ്ങൾ പാലിച്ചാണോ ശുപാർശയെന്ന് സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് ഗവർണർ ഒപ്പിട്ടത്. നേരത്തേ കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ അടക്കം 33പേരെ മോചിപ്പിക്കാനും ഗവർണർ അനുമതി നൽകിയിരുന്നു.

സ്വാതന്ത്ര്യദിനത്തിനു പുറമെ, അടുത്ത റിപ്പബ്ലിക് ദിനം, 2023ലെ സ്വാതന്ത്ര്യദിനം എന്നീ അവസരങ്ങളിൽ കൂടുതൽ തടവുകാരെ വിട്ടയയ്ക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നുവർഷത്തിനുള്ളിൽ മ​റ്റുകു​റ്റങ്ങളിൽപ്പെട്ടവരെ മോചനത്തിന് പരിഗണിക്കില്ല. ഇനിയുള്ള രണ്ട് ഘട്ടങ്ങളിൽ വിട്ടയയ്ക്കേണ്ടവരുടെ പട്ടിക ആഭ്യന്തര, നിയമ വകുപ്പ് സെക്രട്ടറിമാരും ജയിൽവകുപ്പ് മേധാവിയും അടങ്ങുന്ന സമിതി തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗവർണർക്ക് കൈമാറും.

Advertisement
Advertisement