ദേശീയ അവാർഡ് തിളക്കത്തിൽ മൂന്ന് 'ഷെർലക് ഹോംസുമാർ'

Saturday 13 August 2022 12:58 AM IST

തിരുവനന്തപുരം: തെളിവുകൾ കുഴിച്ചുമൂടി ചാരമാക്കിയ കേസുകളിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സത്യം തെളിയിച്ച കേരള പൊലീസിലെ മൂന്ന് എസ്.പിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണമികവിനുള്ള പുരസ്കാരം. ജില്ലാ പൊലീസ് മേധാവിമാരായ ആർ. ആനന്ദ് (വയനാട്), കെ. കാർത്തിക് (കോട്ടയം), ആർ. കറുപ്പസ്വാമി (കോഴിക്കോട് റൂറൽ) എന്നീ യുവ എസ്.പിമാർക്കാണ് പുരസ്കാരം. മൂവരും തമിഴ്നാട് സ്വദേശികളാണ്.

വയനാട് അമ്പലവയലിൽ ബധിരയും മൂകയുമായ ഒമ്പതുകാരിയെ പീഡിപ്പിച്ച് മുങ്ങിയ, അതേ കോളനിയിലെ ആദിവാസി യുവതിയുടെ ഭർത്താവിനെ അതിസമർത്ഥമായി പിടികൂടിയതിനാണ് ആനന്ദിന് അവാർഡ്. മാതാപിതാക്കൾ വിറകുശേഖരിക്കാൻ പോയപ്പോഴായിരുന്നു പീഡനം. പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്ത കേസിൽ ശാസ്ത്രീയമായ അന്വേഷണമായിരുന്നു നടത്തിയത്. 2020 ഏപ്രിലിലായിരുന്നു സംഭവം. 90 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതിക്ക് ഇരട്ടജീവപര്യന്തം കിട്ടി. കൊവിഡ് കാലത്ത് ജാമ്യത്തിലിറങ്ങി പ്രതി ഒത്തുതീർപ്പിന് ശ്രമിച്ചപ്പോൾ, അക്കാര്യം ഹൈക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കിച്ചു. ഡിണ്ടുകൽ സ്വദേശിയാണ് ആനന്ദ്.

പൊളിച്ചടുക്കിയ ദൃശ്യം മോഡൽ

ഇടുക്കി വെള്ളത്തൂവലിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട ദൃശ്യം മോഡൽ കൊലക്കേസ് തെളിയിച്ചതിനാണ് തൂത്തുക്കുടി സ്വദേശി കെ. കാർത്തിക്കിന് പുരസ്കാരം. 45കാരി സിന്ധുവിന്റെ അടുപ്പക്കാരനായിരുന്ന പ്രതി ബിനോയി, സിന്ധുവിനെ കൊന്ന് കുഴിച്ചിട്ടശേഷം മകനെക്കൊണ്ട് അമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിച്ചു. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ വീടിന്റെ അടുക്കള കുഴിച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുക്കള പുതുക്കിപ്പണിതെന്ന് കണ്ടെത്തിയതാണ് നിർണായകമായത്. അന്വേഷണസംഘാംഗങ്ങളായ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, ഇൻസ്പെക്ടർ കുമാർ എന്നിവർക്കും പുരസ്കാരമുണ്ട്.

ബീഹാറിലെ സത്യാന്വേഷണം

പ്രണയനൈരാശ്യം കാരണം കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥി മാനസയെ വെടിവച്ചുകൊന്ന കേസിൽ ബീഹാർവരെ നീണ്ട അന്വേഷണത്തിനാണ് ചെന്നൈ സ്വദേശി കെ. കാർത്തിക്കിന് പുരസ്കാരം. ബീഹാറിലെ പാട്ന, മുഗീർ എന്നിവിടങ്ങളിലും ചില മാവോയിസ്റ്റ് മേഖലകളിലും അന്വേഷണം നടത്തി തോക്കുനൽകിയ സോനുകുമാറിനെയും ഇടനിലക്കാരൻ ടാക്സി ഡ്രൈവറെയും അറസ്റ്റ് ചെയ്തു. സോനുകുമാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൂട്ടാളികൾ ആക്രമണം നടത്തി. കേരളത്തിലേക്ക് കള്ളത്തോക്കെത്തുന്ന വഴികൾ കണ്ടെത്താൻ അന്വേഷണത്തിലൂടെ സാധിച്ചു. 90 ദിവസത്തിനകം കുറ്റപത്രം നൽകി. ഈ കേസിൽ എസ്.ഐ മാഹിൻ സലിമിനും അവാർഡുണ്ട്.