ഡിപ്പോ വികസനം,​ സ്വകാര്യന്മാരോട് കൈകോർത്ത് കെ.എസ്.ആർ.ടി.സി

Saturday 13 August 2022 1:12 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള ആലോചന സർക്കാർ തുടങ്ങി. ഇതിന്റെ സാദ്ധ്യതാ പഠനം നടത്താൻ കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനെ സർക്കാർ ചുമതലപ്പെടുത്തി.

ദിവസേന ആയിരക്കണക്കിന് പേരെത്തുന്ന കേന്ദ്രങ്ങളാണ് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ. പല ഡിപ്പോകളും ജംഗ്ഷനുകളിലെ കണ്ണായ സ്ഥലങ്ങളിലാണ്. മികച്ച ഗതാഗത സൗകര്യം കൂടി ഉള്ളതിനാൽ വലിയ ബിസിനസ് സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. എന്നാൽ പല ഡിപ്പോകളിലും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളാണുള്ളത്. ഇവ പുനർനിർമ്മിക്കാനോ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനോ കെ.എസ്.ആർ.ടി.സിയുടെ പക്കൽ പണമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിനും കൂടുതൽ പണം മുടക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഡിപ്പോകൾ വികസിപ്പിക്കാൻ ആലോചിക്കുന്നത്.

നഷ്ടം നികത്തി ലാഭത്തിലാക്കാൻ സർക്കാർ

1. ഡിപ്പോകളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വ്യാപാര, വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമായ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയുമാണ് ലക്ഷ്യം

2. ഇതിലൂടെ നിശ്ചിത വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും

3. സ്വകാര്യ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങൾ, അദ്യഘട്ടത്തിൽ പരീക്ഷിക്കാവുന്ന ഡിപ്പോകൾ എന്നിവ കിഫ്കോൺ കണ്ടെത്തും

4. എന്നാൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല യൂണിയനുകൾക്ക് അടക്കം വിയോജിപ്പുള്ളതായാണ് സൂചന

5. കെ.എസ്.ആർ.ടി.സി എം.ഡി കിഫ്ബിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കൺസൾട്ടൻസിയെ നിശ്ചയിച്ചത്

കളമൊരുക്കൽ ആരംഭിച്ചു

കെ.എസ്.ആർ.ടി.സി.യുടെ 92 ഡിപ്പോകളിൽ നേരത്തെ വർക്ക് ഷോപ്പുകളുണ്ടായിരുന്നു. ഇതിപ്പോൾ 15 ആയി ചുരുക്കി. ക്ലസ്റ്റർ ജില്ലാ ഓഫീസ് സംവിധാനം വന്നതോടെ ഡിപ്പോകളിലെ ഓഫീസ് സംവിധാനവും ഇല്ലാതായി. ഇങ്ങനെ വർക്ക് ഷോപ്പുകളും ഡിപ്പോ ഓഫീസുകളും പ്രവർത്തിച്ചിരുന്ന സ്ഥലം കൂടി വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ ആരംഭിച്ചതെന്ന് ആരോപണമുണ്ട്.

Advertisement
Advertisement