ഫുട്ബാൾ ലോകകപ്പ് ഒരുദിവസം മുന്നേ തന്നെ തുടങ്ങും

Saturday 13 August 2022 6:56 AM IST

ദോഹ : കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടു വന്നപോലെ ഖത്ത‌ർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പ് ഒരുദിവസം നേരത്തേ തന്നെ തുടങ്ങും ഫിഫയുടെ ഔദ്യോഗിക അറിയിപ്പെത്തി. നവംബർ 21ന് തുടങ്ങാൻ നിശ്ചിച്ച ലോകകപ്പ് പോരാട്ടം ആതിഥേയർക്ക് ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബർ 20ന് തുടങ്ങാൻ നിശ്ചയിച്ചത്. പുതിയ ഷെഡ്യൂൾ പ്രകാരം 20ന് ഖത്തറും ഇക്വഡോറും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഖത്തർ സമയം രാത്രി 7നാണ് (ഇന്ത്യൻ സമയം രാത്രി 9.30) മത്സരത്തിന്റെ കിക്കോഫ്. നേരത്തേ നിശ്ചയിച്ച പ്രകാരം നെതർലാൻഡ്സും സെനഗലും തമ്മിലായിരുന്നു ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടേണ്ടിയിരുന്നത്. 21ന് നടക്കേണ്ട മൂന്നാമത്തെ മത്സരമായിരുന്നു ഖത്തറും ഇക്വഡോറും തമ്മിലുള്ളത്.

ഖത്തർ ലോകകപ്പിന് നൂറ് ദിന കൗണ്ട് ഡൗൺ ഇന്നലെ തുടങ്ങി.

ബ്രോഡ്കാസ്റ്റേഴ്സ് ഉൾപ്പെടെ അവസാന സമയത്ത് മത്സര ഷെഡ്യൂൾ മാറ്രിയതിൽ തൃരപ്തരല്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഫിഫ വ്യക്തമാക്കി. നെതർലൻഡ്സ് - സെനഗൽ , ഖത്തർ- ഇക്വഡോർ മത്സരങ്ങൾക്കായി ഇതുവരെ വിറ്റ് പോയടിക്കറ്രുകൾ സാധുവാണെന്നും ഫിഫ അറിയിച്ചു.

കഴിഞ്ഞ 4 ലോകകപ്പിലും ആതിഥേയർ ഉദ്ഘാടന മത്സരത്തിൽ കളിച്ചിരുന്നു. അതേസമയം ഫൈനൽ ഉൾപ്പെടെയുള്ള മറ്ര് മത്സരങ്ങൾക്കൊന്നും മാറ്രമുണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഡിസംബർ 18നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

Advertisement
Advertisement