മന്ത്രിമാർക്കും കുടുംബത്തിനും സത്കാരം നടത്തുന്നില്ല, സർക്കാർ അനുവദിച്ച 15 ലക്ഷം ദുരിതാശ്വാസത്തിന് വിനിയോഗിക്കുമെന്ന് ഗവർണർ

Saturday 13 August 2022 11:24 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി രാജ്ഭവനിൽ നടത്താറുള്ള സത്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത കാരണമെന്ന് സൂചന. കനത്ത മഴയിൽ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്നും സത്കാരത്തിന് നീക്കിവച്ച തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കുമെന്നുമാണ് രാജ്ഭവൻ അറിയിച്ചത്.

കഴിഞ്ഞ ആറിന് സത്കാരത്തിനായി സർക്കാർ 15 ലക്ഷം അനുവദിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. ഈമാസം ആദ്യം മുതൽ കനത്ത മഴയായിരുന്നിട്ടും സത്കാരം ഉപേക്ഷിക്കുന്നത് രാജ്ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്നില്ല. ചാൻസലർ എന്ന നിലയിലെ ഗവർണറുടെ അധികാരം മാറ്റാനുള്ള നീക്കങ്ങൾ സജീവമാവുകയും വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് സത്കാരം റദ്ദാക്കിയതെന്നത് ശ്രദ്ധേയമാണ്.