കഴിഞ്ഞ വർഷം പാർട്ടി കൊടിക്കൊപ്പം,​ ഇത്തവണ കീഴിൽ; പാലക്കാട് ദേശീയ  പതാക  ഉയർത്തിയത്  സി പി എം  പതാകയുടെ ചുവട്ടിൽ, വിവാദം 

Saturday 13 August 2022 11:45 AM IST

പാലക്കാട്: സി.പി.എം പതാകയ്‌ക്ക് ചുവട്ടിൽ ദേശീയ പതാക ഉയർത്തിയത് വിവാദമാകുന്നു. പാലക്കാട് മുതലമട ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം. ചെമ്മണാമ്പതി സ്വദേശി ജയരാജന്റെ വീട്ടിലാണ് സി.പി.എം പതാകയ്‌ക്ക് കീഴെ ദേശീയ പതാക ഉയർത്തിയത്. മറ്റൊരു പതാകയ്ക്ക് കീഴിൽ ദേശീയ പതാക ഉയർത്തുന്നത് ഫ്ലാഗ് ഒഫ് കോഡിന്റെ ലംഘനമാണ്.

കഴിഞ്ഞ വർഷവും ദേശീയ പതാക ഉയർത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സി.പി.എം നേരിട്ടിരുന്നു. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പാർട്ടി കൊടിക്കൊപ്പം ദേശീയ പതാക ഉയർത്തിയതാണ് വിവാദത്തിലായത്. പതാക ഉയര്‍ത്തിയത് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഫ്ലാഗ് ഒഫ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നിയമവിദ്യാര്‍ത്ഥി പരാതി നൽകിയിരുന്നു.

ദേശീയപതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്നിരിക്കെ ഇതിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് വിദ്യാർത്ഥി പരാതിപ്പെട്ടത്. സമാന ആരോപണം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. മറ്റൊരു പതാകയും ദേശീയപതാകയേക്കാള്‍ ഉയരത്തിലോ ഒപ്പമോ ഉയര്‍ത്തരുതെന്ന ഇന്ത്യന്‍ ഫ്‌ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചതെന്ന് കെ.എസ് ശബരീനാഥന്‍ പറഞ്ഞിരുന്നു.