ഇത്തവണ ശരിക്കും ഓണ'ക്കോടി' കിട്ടാൻ പോകുന്നത് കുടുംബശ്രീക്കാണ്, അതും ശർക്കരവരട്ടി

Saturday 13 August 2022 2:17 PM IST

കോട്ടയം. സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിനു മധുരം പകരുക വഴി കുടുംബശ്രീക്ക് വരുമാനം ഒരു കോടിയിലേറെ രൂപ. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന ശർക്കരവരട്ടിയാണ് കിറ്റിലുണ്ടാവുക. ശർക്കരവരട്ടിയുടെ നിർമാണവും പായ്ക്കിംഗും വിവിധ യൂണിറ്റുകളിൽ പുരോഗമിക്കുകയാണ്.

കാഞ്ഞിരപ്പളളി, വൈക്കം, കോട്ടയം, പാല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിൽ കുടുംബശ്രീയുടെ ശർക്കരവരട്ടി വൈകാതെ എത്തും. 100 ​ഗ്രാം വീതമുളള പാക്കറ്റുകളാണ് ഓരോ കിറ്റിലുമുള്ളത്. 14 ഇന ഭക്ഷ്യോത്പന്നങ്ങളുള്ള ഓണക്കിറ്റിൽ കുടുംബശ്രീ ഉത്പന്നം കൂടി ഉൾപ്പെടുത്തിയത് അംഗങ്ങൾക്കും വരുമാന മാർഗമായി. കഴിഞ്ഞ ഓണക്കിറ്റിലാവട്ടെ കുടുംബശ്രീയുടെ ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ടായിരുന്നു.

389500 പായ്ക്കറ്റുകൾ

389500 പായ്ക്കറ്റ് ശർക്കര വരട്ടിയുടെ ഓർഡറാണ് ഇതുവരെ ലഭിച്ചത്. വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത സംരംഭക യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇവ തയ്യാറാക്കുന്നത്. 9 കുടുംബശ്രീ യൂണിറ്റിൽ നിന്നുളള നാൽപതോളം അംഗങ്ങൾക്ക് ഇതിലൂടെ വരുമാനമുണ്ടാകും. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 27 രൂപ ലഭിക്കും. ഇതുവരെ 1.05 കോടിയുടെ ഓർഡർ ലഭിച്ചു.

നിർമാണം മാനദണ്ഡം പാലിച്ച്

ഏത്തക്കായ അരിയുന്നത് മുതൽ ശർക്കരവരട്ടി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ചെയ്യുന്നത്. ആവശ്യമായ മുഴുവൻ ഏത്തക്കായും കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം തുടങ്ങിയിടങ്ങളിലെ കർഷകരിൽ നിന്നാണ് ശേഖരിച്ചത്. മുൻവർഷം ഉപ്പേരിയും കുടുംബശ്രീ തന്നെയാണ് തയ്യാറാക്കിയതെങ്കിലും ഇക്കുറി അതിനുള്ള ഓർഡർ ലഭിച്ചില്ല.

'പറഞ്ഞ സമയത്ത് തന്നെ കിറ്റിനുവേണ്ട ശർക്കരവരട്ടി ലഭ്യമാക്കും. ഓണക്കിറ്റിന് പുറമേ കുടുംബശ്രീയുടെ വിപണന മേളകളിലേയ്ക്കുള്ള വിവിധ ഉത്പന്നങ്ങളും യൂണിറ്റുകളിൽ ഒരുങ്ങുന്നുണ്ട്. കൊവിഡിന് ശേഷം വലിയൊരു മാർക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ'-കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പറയുന്നു