മെഡിക്കൽ കോളേജ്, കാൻസർ സെന്റർ ദീർഘകാലമോഹങ്ങൾ സാഫല്യത്തിലേക്ക്

Sunday 14 August 2022 12:30 AM IST

കൊച്ചി: എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളുള്ള സർക്കാർ ചികിത്സാ സംവിധാനമെന്ന ദീർഘകാലമോഹം സാഫല്യത്തിലേക്ക്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെയും കൊച്ചി കാൻസർ സെന്ററിന്റെയും കെട്ടിടങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. കെട്ടിടം പൂർത്തിയാകുന്നതോടെ അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മദ്ധ്യകേരളത്തിന്റെ തന്നെ ആവശ്യവും ആഗ്രഹവുമായ കളമശേരിയിലെ കാൻസർ സെന്റർ കെട്ടിടത്തിന്റെ സിവിൽ നിർമ്മാണജോലികൾ 80 ശതമാനം പൂർത്തിയായി. ഏഴുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. എട്ടുനില കെട്ടിടത്തിലെ മൂന്നു നിലകൾ പൂർത്തിയായി. അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്. 350 ഓളം തൊഴിലാളികളാണ് കെട്ടിട നിർമ്മാണത്തിനായി പ്രവർത്തിക്കുന്നത്.

കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. എട്ടുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ഒരുങ്ങുന്നത്. സ്ട്രക്ചറൽ ജോലികൾ പൂർത്തിയായി. അനുബന്ധ ജോലികളാണ് തുടരുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാകും.

വരും സംവിധാനങ്ങൾ

രണ്ടു സ്ഥാപനങ്ങളുടെയും കെട്ടിടനിർമ്മാണം പൂർത്തിയാകുമ്പോൾ ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, സാങ്കേതിക ജീവനക്കാർ തുടങ്ങിയവരുടെ നിയമനത്തിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ അനുവദിച്ച തസ്തികകളിൽ നിയമനം നടത്താനാണ് നീക്കം.

രണ്ടു കെട്ടിടങ്ങളിലും സ്ഥാപിക്കേണ്ട മെഡിക്കൽ ഉപകരണങ്ങൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവയുടെ പട്ടികയും തയ്യാറാക്കി വരുകയാണ്. കെട്ടിടം പൂർത്തിയാകുന്നതോടെ ഉപകരണങ്ങളും യന്ത്രങ്ങളും സ്ഥാപിക്കാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ.

"മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം അടുത്ത മേയ് 31നകം പൂർത്തിയാക്കും. മുടക്കമില്ലാതെ പണികൾ മുന്നേറുന്നുണ്ട്. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും നടപടി ആരംഭിച്ചു."

ഡോ. ഗണേഷ് മോഹൻ

സൂപ്രണ്ട്

മെഡിക്കൽ കോളേജ്

"മദ്ധ്യകേരളത്തിലെ സാധാരണക്കാരായ രോഗികൾക്കായി മെഡിക്കൽ കോളേജും കാൻസർ സെന്ററുമെന്ന ലക്ഷ്യം യാഥാർത്ഥ്യമാകുകയാണ്."

ഡോ.കെ.എൻ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്

Advertisement
Advertisement