പരാമർശങ്ങൾ ഞാൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തു, തെറ്റിദ്ധാരണയ്‌ക്കിടയാക്കി; നാടിന്റെ നന്മയ്ക്ക് പോസ്റ്റ് പിൻവലിക്കുന്നെന്ന് ജലീൽ

Saturday 13 August 2022 4:50 PM IST

കാശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീൽ. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പോസ്റ്റിനെ വ്യാഖ്യാനം ചെയ്‌തെന്നും പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനാൽ പിൻവലിക്കുകയാണെന്നും അദ്ദേഹം അറയിച്ചു.

പോസ്റ്റ് പിൻവലിക്കുന്നതിന്റെ കാരണം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ വ്യക്തമാക്കിയിരിക്കുന്നത്. നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം കുറിച്ചു.

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് ജലീൽ എഴുതിയ കുറിപ്പാണ് വിവാദമായത്. പാക് അധീന കാശ്മീരിന 'ആസാദ് കാശ്മീർ'' എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനമുയർന്നത്.

കെ ടി ജലീലിന്റേത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി നേരത്തെ പ്രതികരിച്ചിരുന്നു. എം എൽ എയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരിക്കുന്നത്.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു.

ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.