ഐ.ആർ.സി.ടി.സിക്ക് ലാഭക്കുതിപ്പ്

Sunday 14 August 2022 3:36 AM IST

ന്യൂഡൽഹി: നടപ്പു സാമ്പത്തികർഷത്തെ (2022-23)​ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി)​ 196 ശതമാനം വളർച്ചയോടെ 245.52 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 82.5 കോടി രൂപയായിരുന്നു.

വരുമാനം 243 കോടി രൂപയിൽ നിന്ന് 251 ശതമാനം മുന്നേറി 852 കോടി രൂപയായി. ഓഹരികളിൽ നിന്നുള്ള വരുമാനം (ഏണിംഗ്‌സ് പെർ ഷെയർ - ഇ.പി.എസ്)​ 1.03 രൂപയിൽ നിന്ന് 3.07 രൂപയായാണ് മെച്ചപ്പെട്ടത്. കാറ്ററിംഗ് സേവനത്തിൽ നിന്നുള്ള വരുമാനം 56.7 കോടി രൂപയിൽ നിന്നുയർന്ന് 352 കോടി രൂപയായി.

ഇന്റർനെറ്റ് ടിക്കറ്റിംഗ് ബിസിനസിൽ നിന്ന് 301.6 കോടി രൂപയും റെയിൽ നീരിൽ നിന്ന് 83.6 കോടി രൂപയും ടൂറിസത്തിൽ നിന്ന് 81.9 കോടി രൂപയും ലഭിച്ചു. സ്‌റ്റേറ്റ് തീർത്ഥ വിഭാഗത്തിൽ നിന്നുള്ള വരുമാനം 33.2 കോടി രൂപ. കമ്പനിയുടെ കുത്തകയായ ഇന്റർനെറ്റ് ടിക്കറ്റിംഗ് ബിസിനസിൽ നിന്നാണ് ലാഭത്തിന്റെ മുന്തിയപങ്കും ലഭിച്ചത്.