ദേശീയപതാക അലർജി ഉണ്ടായിരുന്നിടത്ത് മൂവർണക്കൊടി പാറിക്കളിക്കുന്നു: കെ.സുരേന്ദ്രൻ

Sunday 14 August 2022 12:29 AM IST

തിരുവനന്തപുരം: ദേശീയ പതാക കാണുമ്പോൾ എവിടെയെല്ലാം അലർജി ഉണ്ടായിരുന്നോ അവിടെയെല്ലാം ഇപ്പോൾ ത്രിവർണപതാക പാറിക്കളിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തുവെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്രാസമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെല്ലായിടത്തും എല്ലാ വിഭാഗം ജനങ്ങളും ദേശീയ പതാക ഉയർത്തി ആസാദി കാ അമൃതമഹോത്സവം ആഘോഷിക്കുകയാണ്. കേരളം ത്രിവർണപതാകയെ ഹൃദയത്തിലേറ്റി. 1948 ൽ ദേശീയ പതാക താഴ്‌ത്തി കരിങ്കൊടി കെട്ടിയവർ പോലും വീടുകളിൽ ത്രിവർണപതാക ഉയർത്താൻ ആഹ്വാനം ചെയ്തത് സന്തോഷകരമാണ്. എന്നാൽ ചില ആളുകൾക്ക് ഇപ്പോഴും ഇന്ത്യയെയും ഇന്ത്യയുടെ ഭാഗമാണ് കാശ്‌മീർ എന്നും അംഗീകരിക്കാൻ മടിയാണ്. കെ.ടി. ജലീൽ ഉൾപ്പെടെയുള്ള ചിലരുടെ മനസ് ഇപ്പോഴും പാകിസ്ഥാനൊപ്പമാണ്. അത്തരം ആളുകൾ മാത്രമാണ് തിരംഗയാത്രകളെയും അമൃതമഹോത്സവത്തെയും അനുകൂലിക്കാത്തത്. ചുരുക്കം ചില സംഘടനകൾക്ക് മാത്രമാണ് എതിർനിലപാടുള്ളത്. ദേശീയ പതാക എത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്‌ചകളുണ്ടായെങ്കിലും ഏശിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നാഷണൽ കൗൺസിൽ അംഗം ജി. കൃഷ്‌ണകുമാർ, ബി.ജെ.പി നേതാക്കളായ പി.സുധീർ, എസ്. സുരേഷ്, വി.ടി. രമ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ കേശവദാസപുരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലിയിൽ വെള്ളയമ്പലത്ത് നിന്ന് സുരേന്ദ്രൻ സെക്രട്ടേറിയേറ്റ് വരെ അനുഗമിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ആരംഭിച്ച തിരംഗായാത്ര കിഴക്കേക്കോട്ട ഗാന്ധിപാർക്കിന് സമീപം സമാപിച്ചു.