`ഞാൻ ഓടിച്ചെന്ന് തൊട്ടു,  ഗാന്ധിജി പുഞ്ചിരിച്ചു'

Sunday 14 August 2022 12:30 AM IST

കൊച്ചി: ഗാന്ധിജിയെ കണ്ടത് ഇന്നലെ എന്നതുപോലെ... എല്ലാം ഓർമ്മയിലുണ്ട് പരമേശ്വരൻ മൂത്തതിന്. എറണാകുളം സന്ദർശനം കഴിഞ്ഞ് മടങ്ങാൻ ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു ഗാന്ധിജി.

ആദ്യം പുറത്തൊന്നു തൊട്ടു. തൃപ്തി​യായി​ല്ല. ബോട്ടി​ലേക്ക് കയറവേ ഓടി​ച്ചെന്ന് കൈയി​ൽ അമർത്തി​ പി​ടി​ച്ചു. മഹാത്മജി എന്നെ നോക്കി​ പുഞ്ചി​രി​ച്ചു. ആ ചി​രി​ ഇന്നും ഓർമ്മയി​ലുണ്ട് ഒളിമങ്ങാതെ.

എറണാകുളം ശിവക്ഷേത്രത്തിനടുത്ത് പാലിയം റോഡിൽ നെന്മനശേരി ഇല്ലത്ത് ഇ.പി. പരമേശ്വരൻ മൂത്തതി​ന് 106 വയസായി​. 1934 ജനുവരി​യി​ൽ മൂത്തത് എസ്.ആർ.വി സ്കൂളിൽ പഠിക്കുമ്പോഴാണ് എറണാകുളത്ത് ഗാന്ധിജി​ എത്തി​യത്. സ്കൂളി​ലേക്ക് പോകാതെ, നേരെ അദ്ദേഹത്തെ കാണാൻ പോയി​. ഹരിജൻ ഫണ്ട് പിരിക്കുന്നതിനായി​രുന്നു വരവ്. കഷ്ടിച്ച് 30 പേർ മാത്രമെ ഒപ്പമുണ്ടായി​രുന്നുള്ളൂ. ബോട്ടിൽ കയറും മുമ്പായി ഗാന്ധിജി​യെ തൊടാൻ എല്ലാവർക്കും അവസരം ലഭിച്ചിരുന്നു.

തി​രി​കെ സ്കൂളിൽ എത്തിയപ്പോൾ എന്തോ ഭാഗ്യത്തിന് വൈകിയാണ് മൂന്നാം ബെല്ല് അടിച്ചത്. അതുകൊണ്ട് ഈ സാഹസം ആരും അറി​ഞ്ഞി​ല്ല. വർഷങ്ങളോളം ആരോടും പറഞ്ഞതുമില്ല.

പരമേശ്വരൻ മൂത്തതിന്റെയും സുഭദ്ര മനയമ്മയുടെയും ആറുമക്കളിൽ അഞ്ചാമത്തെയാളാണ് പരമേശ്വരൻ. എറണാകുളം ശിവക്ഷേത്രത്തിൽ 69 വ‌ർഷം കാരായ്മക്കാരനായിരുന്നു. ക്ഷേത്രത്തി​ലെ സ്ഥാനപ്പേരാണ് മൂത്തത്.

വലിയ ആരാധകവൃന്ദം തന്നെയുണ്ട് മൂത്തതിന്. അതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്ക‌റും ഉൾപ്പെടുന്നു. മൂത്തതി​ന് സച്ചി​ൻ 85-ാം പി​റന്നാൾ ആശംസ വീഡി​യോ സന്ദേശമായി​ അയച്ചത് വലി​യ വാർത്തയായി​രുന്നു.

സഹോദരപുത്രൻ ഹരിദാസിനൊപ്പമാണ് അവിവാഹിതനായ പരമേശ്വരൻ മൂത്തതിന്റെ താമസം. എറണാകുളം ശിവക്ഷേത്രത്തിൽ പുലർച്ചെ തൊഴാൻ പോകും. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനും മൂത്തത് ഉണ്ടാകും. അൽപ്പം കേൾവി​ക്കുറവൊഴി​ച്ചാൽ ആരോഗ്യപ്രശ്നങ്ങളി​ല്ല. വടി​യും കുത്തി​ ഒറ്റയ്ക്കാണ് സഞ്ചാരം.