ആ ചോദ്യം മേദിനിയോടെങ്കിൽ ഒറ്റ ഉത്തരം:സ്വാതന്ത്ര്യസമരം!

Sunday 14 August 2022 12:32 AM IST

ആലപ്പുഴ: 'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നതാണ് കേരളത്തിലുയർന്ന ഏറ്റവും വലിയ മുദ്രാവാക്യം.കേരളത്തെ ഉഴുതു മറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ മുതലാണ് സ്വാതന്ത്ര്യ സമരത്തെ കണക്കാക്കേണ്ടത്.പുന്നപ്ര വയലാർ സമരം,പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും അയിത്തത്തിനെതിരെയും മാറുമറയ്ക്കാനും നടത്തിയ സമരങ്ങളൊക്കെയും സ്വാതന്ത്ര്യ സമരങ്ങളായിരുന്നു'.രാജ്യം സ്വാതന്ത്ര്യത്തി​ന്റെ 75-ാം വാർഷി​കം ആഘോഷി​ക്കവേ,പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യസമരത്തി​ന്റെ ഭാഗമാണോ എന്ന് ചി​ല കോണുകളി​ൽ നി​ന്നുയരുന്ന ചോദ്യത്തിന് പി.കെ.മേദിനിയുടെ ഉത്തരമാണിത്.

പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന കോൺഗ്രസ് - ബി.ജെ.പി ആക്ഷേപത്തിന് പ്രസക്തിയില്ല.കേരളത്തിലെ അറുനൂറോളം നാട്ടുരാജ്യങ്ങൾ ജനാധിപത്യ ഭരണത്തിനും വോട്ടവകാശത്തിനും വേണ്ടി നടത്തിയ സ്വാതന്ത്ര്യ പോരാട്ടം ഇവിടെ തുടരുകയായിരുന്നു.പിന്നാക്കക്കാരുടെ മൃതദേഹം വരമ്പിൽ കുഴിച്ചു മൂടിയിരുന്ന കാലം പി​ന്നി​ട്ട്,മാന്യമായി സംസ്കരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് കേരളം എത്തിനിൽക്കുമ്പോൾ അക്കാലത്തെ നവോത്ഥാന നായകരും എഴുത്തുകാരും ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർ തന്നെയാണെന്നും സമരങ്ങളിൽ നേരിട്ടിറങ്ങിയില്ലെങ്കിലും ഓർമ്മകൾ പങ്കുവയ്ക്കാനായി ജീവി​ച്ചി​രി​ക്കുന്നത് ഭാഗ്യമാണെന്നും മേദിനി പറഞ്ഞു.12-ാം വയസ് മുതൽ ഖ‌ദർ പാവാടയും ബ്ലൗസുമിട്ട് വിപ്ലവ ഗാനങ്ങളിലൂടെ രാഷ്ട്രീയം പറയാനാരംഭിച്ച പി.കെ.മേദിനി നവതിയുടെ നിറവിലും പൊതുവേദികളിൽ സജീവമാണ്.

''എന്നെ ഞാനാക്കിയ മനുഷ്യരുണ്ട്.അവരെല്ലാം പാവപ്പെട്ടവരാണ്.അക്ഷാരാഭ്യാസമില്ലാത്തവരും കൂലിത്തൊഴിലാളികളുമാണ്.അവരുടെ വിയർപ്പുതുള്ളി വീണ പങ്കിൽ നിന്ന് എനിക്ക് വച്ചുനീട്ടിയ സഹായങ്ങളുണ്ട്.അതിൽ രാഷ്ട്രീയമില്ല.ആ കരുത്താണ് 89-ാം വയസിലും ഗാനങ്ങളുമായി വേദികളിലെത്താൻ പ്രേരണയാകുന്നത്''- അവർ പറ‍‍ഞ്ഞു.

Advertisement
Advertisement