മന്ത്രിയെ  വഴിതെറ്റിച്ചതിന് സസ്പെൻഷൻ, മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ

Sunday 14 August 2022 12:13 AM IST

തിരുവനന്തപുരം: മന്ത്രിയ്ക്ക് പൈലറ്റ് പോയ വാഹനം റൂട്ടുമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത കൺട്രോൾ റൂം എസ്.ഐയ്ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ.

തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജനാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചത്.സാബുരാജന് പുറമേ കൺട്രോൾ റൂമിലെ

സി.പി.ഒ സുനിലും സസ്പെൻഷനിലായിരുന്നു. കൺട്രോൾറൂമിലും ലോക്കൽ പൊലീസ് സ്റ്റേഷനുകളിലും ജോലി ചെയ്തിരുന്നപ്പോഴുള്ള മികച്ച പ്രകടനമാണ് സാബുരാജനെ മെഡലിന് അർഹനാക്കിയത്.

ബുധനാഴ്ച രാത്രി 8 മണിയോടെ നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാൻ പള്ളിച്ചൽഭാഗത്ത് നിന്നാണ് കൺട്രോൾ റൂമിലെ പൊലീസുകാരെ നിയോഗിച്ചത്.

അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കൽപ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടർപാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്.

കരമനയിൽ നിന്ന് സ്ഥിരം റൂട്ട് മാറി പൂജപ്പുര വഴി കറങ്ങി സമയം നഷ്ടപ്പെടുത്തിയതിലെ അതൃപ്തി മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സുനിലിനെയും കൺട്രോൾ റൂം ഡ്യൂട്ടിയിലായിരുന്ന സാബുരാജനെയും സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനിൽ പൊലീസ്അ സോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.