ആംഗ്യത്തിൽ അലിയിച്ച് പൊലീസിന്റെ വന്ദേമാതരം

Sunday 14 August 2022 12:02 AM IST
കോഴിക്കോട് സിറ്റി പൊലീസും സി.ആർ.സി കോഴിക്കോടും സംയുക്തമായി ആംഗ്യഭാഷയിൽ വന്ദേമാതരം ആലപിക്കുന്നു

കോഴിക്കോട്: കേൾവിശക്തിയില്ലാത്ത ഭിന്നശേഷിക്കാരുമായി സംവദിക്കാൻ ആംഗ്യഭാഷ പഠിച്ച കോഴിക്കോട്ടെ പൊലീസ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ വന്ദേമാതരം ആംഗ്യഭാഷയിൽ ആലപിച്ചു.

കോഴിക്കോട് സിറ്റി പൊലീസും കേന്ദ്ര സർക്കാർ സ്ഥാപനമായ സി.ആർ.സി കോഴിക്കോടും (കോംപസിറ്റ് റീജിയണൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് റിഹാബിലിറ്റേഷൻ ആൻഡ് എമ്പവർമെന്റ് ഒഫ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റിസ് ) സംയുക്തമായാണ് ഗാനം ആലപിച്ചത്.

പുളിക്കൽ എബിലിറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ ഹിയറിംഗ് ഇമ്പയർഡ് സഹകരിച്ചായിരുന്നു പരിപാടി.

കേൾവി പരിമിതി ഉള്ളവരോട് 'ഞങ്ങളും ഒപ്പമുണ്ട്' എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള പൊലീസ് കോഴിക്കോട് സിറ്റി ഉദ്യോഗസ്ഥരും സി.ആർ.സി കെയും. ഇതിനു മുന്നോടിയായി കോഴിക്കോട് സിറ്റിയിലെ മുഴുവൻ സ്റ്റേഷനിലെയും തെരഞ്ഞെടുത്ത പൊലീസുകാർക്ക് ആംഗ്യ ഭാഷ പരിശീലനം നൽകിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് സേനാംഗങ്ങൾ, സി.ആർ.സി.കെയിലെ ജീവനക്കാർ, എബിലിറ്റി ഭിന്നശേഷി കോളേജിലെ കേൾവി പരിമിതിയുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ 200 ലേറെ പേർ പങ്കെടുത്തു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഡി.ഐ.ജി എ. അക്ബർ, കണ്ണൂർ ജില്ലാ ജഡ്ജ് ആർ. എൽ. ബൈജു, ഡെപ്യൂട്ടി കമ്മിഷണർ ഡോ.എ.ശ്രീനിവാസ്, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി, അസി.കമ്മിഷണർ എ.ഉമേഷ്‌, എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നസീം, സി.ആർ.സി ഫിസിയോതെറാപ്പി ഹെഡ് ബിനോയ്‌ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement