ഇ.എസ്.ഐ ആശുപത്രികൾക്ക് ഇനി 'ആരോഗ്യ ചികിത്സ '

Sunday 14 August 2022 12:02 AM IST
ഇ.എസ്.ഐ ആശുപത്രി

@ നവീകരണത്തിന് 65 കോടി അനുവദിച്ചു

@ ചാലപ്പുറത്തെ കെട്ടിടത്തിന് 50.81 കോടി

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ ശോച്യാവസ്ഥയിലുള്ള ഇ.എസ്‌.ഐ ഡിസ്‌പെൻസറികളുടെയും ഓഫീസുകളുടെയും ശനിദശ ഒഴിയുന്നു. പുനർനിർമ്മാണത്തിന് ഇ.എസ്‌.ഐ കോർപ്പറേഷൻ 65 കോടി രൂപ അനുവദിച്ചു. ചാലപ്പുറത്തെ കെട്ടിട നിർമ്മാണത്തിന് 50.81 കോടി രൂപയും അറ്റകുറ്റപ്പണികൾക്ക് പ്രത്യേകമായി 14 കോടിയുമാണ് അനുവദിച്ചത്.

ഇ.എസ്‌.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ മുക്മീത് എസ് ബാട്ടിയ ഇക്കാര്യം രേഖാമൂലം അറിയിച്ചതായി എം.കെ. രാഘവൻ എം.പി പറഞ്ഞു.

കഴിഞ്ഞ വർഷം ചക്കോരത്തുകുളം ഇ.എസ്‌.ഐ കോർപ്പറേഷൻ കെട്ടിടം തകർന്ന് വീണതിനെ തുടർന്ന് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കാലപ്പഴക്കം ചെന്ന മുഴുവൻ ഇ.എസ്‌.ഐ ഡിസ്‌പെൻസറികളുടെയും ആശുപത്രികളുടെയും ഓഫീസുകളുടെയും കെട്ടിടങ്ങൾ പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി 2021 ജൂണിലും ഡിസംബറിലും ഇ.എസ്‌.ഐ ഡയറക്ടർ ജനറലുമായി നടത്തിയ കൂടികാഴ്ചയിൽ കെട്ടിടങ്ങൾ പുതുക്കി പണിയുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ചക്കോരത്തുകുളം, ചാലപ്പുറം ഡിസ്‌പെൻസറികൾ, നോർത്ത് സോൺ റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ കാര്യാലയം, സബ് റീജിയണൽ ഓഫീസ് സബ് സ്റ്റോർ എന്നിവയുടെ കെട്ടിട നിർമ്മാണവും ഫറോക്ക് ഇ.എസ്‌.ഐ ആശുപത്രിയുടെയും സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെയും അറ്റകുറ്റപ്പണികളും കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായി ഇ.എസ്‌.ഐ ഡയറക്ടർ ജനറൽ എം.പിയെ അറിയിച്ചു. ചാലപ്പുറം ഡിസ്‌പെൻസറി, സബ് റീജിയണൽ ഓഫീസ്, ആർ.ഡി.ഡി കാര്യാലയം, സബ് സ്റ്റോർ എന്നിവയാണ് ചാലപ്പുറത്ത് നിർമിക്കുക.

നേരത്തെ ഇ.എസ്‌.ഐ, സി.പി.ഡബ്ല്യു.ഡി എൻജിനീയർമാരുടെ സംയുക്ത സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഇ.എസ്‌.ഐ.സി റീജിയണൽ ഓഫീസ്, ഫറോക്ക് ഇ.എസ്‌.ഐ ആശുപത്രിയുടെ കെട്ടിടം, സ്റ്റാഫ് ക്വാട്ടേഴ്‌സ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി 14 കോടി രൂപ അനുവദിച്ചത്.

ചക്കോരത്തുകുളം ഇ.എസ്‌.ഐ ഡിസ്‌പെൻസറി കെട്ടിട നിർമ്മാണ പദ്ധതി അംഗീകരിക്കുകയും പദ്ധതി നിർവഹണത്തിനായി സി.പി.ഡബ്ല്യു.ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സി.പി.ഡബ്ല്യു.ഡി പദ്ധതി രൂപരേഖ സമർപ്പിച്ചാലുടൻ ഫണ്ട് വകയിരുത്തും.

പുതിയറ, എരഞ്ഞിപ്പാലം ഡിസ്‌പെൻസറികളുടെ നവീകരണത്തിനാവശ്യമായ നടപടികൾ ഉറപ്പ് വരുത്തുമെന്നും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ മലബാറിലെ ലക്ഷക്കണക്കിന് വരുന്ന ഇ.എസ്‌.ഐ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാവുമെന്നും എം.പി വ്യക്തമാക്കി.

Advertisement
Advertisement