സ്കൂട്ടറിന് മുകളിൽ മരച്ചി​ല്ല വീണ് പിഞ്ചുബാലന് ദാരുണാന്ത്യം

Saturday 13 August 2022 11:58 PM IST

സംഭവം അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ

പറവൂർ: അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ റോഡരികിലെ മരച്ചില്ല ഒടിഞ്ഞുവീണ് നാലു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പിൽ സിജീഷ് -രേഷ്മ ദമ്പതികളുടെ ഏകമകൻ അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പുല്ലംകുളം കൈരളി തിയേറ്ററിന് സമീപത്തായിരുന്നു അപകടം.

രേഷ്മയുടെ പിതാവ് കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപാണ് (50) സ്കൂട്ടർ ഓടി​ച്ചി​രുന്നത്. ഭാര്യ രേഖയ്ക്കും (45) പരിക്കേറ്റു. പ്രദീപിന് കഴുത്തിലും വയറിനും ഗുരുതരമായ പരി​ക്കും തോളെല്ലിന് പൊട്ടലുമുണ്ട്. രേഖയ്ക്ക് കൈക്കാണ് പരി​ക്ക്. ഇരുവരേയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അമ്മയുടെ വീട്ടിലേക്ക് രണ്ടുദിവസം മുമ്പാണ് അനുപം കൃഷ്ണ എത്തി​യത്. ഇന്നലെ രാവിലെ രേഷ്മ മാതാപിതാക്കളെ ഫോണിൽവിളിച്ച് കുട്ടിയെ പുത്തൻവേലിക്കരയിലെ വീട്ടിലേക്ക് കൊണ്ടുവരാൻ പറഞ്ഞു. രണ്ടുദിവസംകൂടി സ്കൂൾ അവധിയായതിനാൽ തിരിച്ചുപോകാൻ അനുപം കൃഷ്ണ ആദ്യം മടികാണിച്ചു. ഉച്ചയ്ക്ക് അമ്മ വീണ്ടും വിളിച്ചതോടെയാണ് ഇവർ യാത്രതിരിച്ചത്.

വലിയ മരച്ചില്ലയുടെ അടിയിൽപ്പെട്ട ഇവരെ നാട്ടുകാരാണ് പുറത്തെടുത്തത്. കുട്ടി ഒന്ന് കരഞ്ഞെങ്കിലും ഉടൻ അബോധാവസ്ഥയിലായി. പ്രദീപും കുഴഞ്ഞുവീണു. കുട്ടിയെ ഉടനെ നഗരത്തിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിഫലമായി. കുട്ടിയുടെ ദേഹത്ത് പുറമേ പരിക്കുകൾ ഇല്ലായിരുന്നു. ആന്തരിക പരി​ക്കുകളാകാം മരണകാരണമായതെന്നാണ് പ്രാഥമി​ക നിഗമനം.

മരത്തിന്റെ ചില്ലയടിച്ച് പ്രദീപിന്റെ ഹെൽമെറ്റ് പൊട്ടിപ്പോയി. മുഖത്ത് നിന്നുൾപ്പെടെ ചോര വരുന്നുണ്ടായിരുന്നു. വെൽഡറായ സിജീഷ് അടുത്തിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ജോലിയിൽ പ്രവേശിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഏജൻസി സ്റ്റാഫാണ് രേഷ്മ. കുട്ടി​യുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരി​ക്കും.

പുല്ലംകുളം കൈരളി തിയേറ്ററിന് സമീപത്ത് റോഡിനോട് ചേർന്ന് രണ്ട് വലിയ വാകമരങ്ങളിൽ ഒന്നാണ് ഒടിഞ്ഞുവീണത്. ഇരുപത്തഞ്ച് വർഷത്തിലധികം പഴക്കമുണ്ടാകും മരത്തിന്. കാഴ്ചയിൽ കേടുകളൊന്നും ഉണ്ടായിരുന്നില്ല. യഥാർത്ഥത്തി​ൽ മരം കടയ്ക്കുതാഴെ ദ്രവിച്ചിരിക്കുകയായി​രുന്നു. സമീപത്തുള്ള ചവറുകൾ ഈ മരത്തിന്റെ അടയിൽ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായിരുന്നു.

മരം അപകടാവസ്ഥയിലാണെന്ന് പരാതി ലഭിച്ചിട്ടി​ല്ല

ദുരന്തത്തി​നി​ടയാക്കി​യ മരം അപകടാവസ്ഥയിലാണെന്നുള്ള ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനി​യർ അജിത്ത്കുമാർ പറഞ്ഞു. പരാതി ലഭിച്ച നിരവധി മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടി​ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.