'ടീം ബേഡകം' കുടുംബശ്രീ കമ്പനി ഉദ്‌ഘാടനത്തിന് ഒരുങ്ങി പങ്കാളികൾ വനിതകൾ മാത്രം

Sunday 14 August 2022 12:35 AM IST

കാസർകോട്: വനിതകൾ മാത്രം പങ്കാളികളായിട്ടുള്ള ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

16 ന് ഉച്ചയ്ക്ക് 2ന് തദ്ദേശ മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ഉദുമ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു അദ്ധ്യക്ഷനാവും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ല കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഡി.എം.സി ടി.ടി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. പൂർണമായും സ്ത്രീകൾ മാത്രം ഓഹരി ഉടമകളായ പ്രൊഡ്യൂസർ കമ്പനിയാണ് ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി.
കാർഷിക രംഗത്തെ നാനാവിധ സാധ്യതകളെ മുൻ നിർത്തി ഉത്പാദനത്തിലും വിപണനത്തിലും പുതിയ മാതൃകാ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. 50 ക്ലസ്റ്ററുകൾ രൂപീകരിക്കും, അവയിലൂടെ ജൈവ കാർഷിക വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കും. കാർഷിക ഉത്പാദന-വിപണന രംഗത്തും കാർഷിക വിഭവങ്ങളുടെ മൂല്യ വർധിത ഉത്പന്ന നിർമാണത്തിനുമുള്ള വേറിട്ട സംരംഭങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.

സംരംഭകത്വ പ്രവർത്തനങ്ങളിലൂടെ കൂടുതൽ സ്ത്രീകൾക്കും കുടുംബശ്രീ കുടുംബാംഗങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാധ്യതയും വരുമാനദായക ഇടപെടലുകളും ലക്ഷ്യമിടുന്ന കമ്പനി ആനന്ദമഠം എന്ന സ്ഥലത്ത് 28 ഏക്കർ സ്ഥലമെടുക്കുന്നതിനുള്ള

നടപടികൾ പുരോഗമിക്കുകയാണ്. ഇവിടെ ഹൈടെക് ഫാമുകൾ, ടൂറിസം ഹട്ടുകൾ, ഫാം ടൂറിസം, കൺവെൻഷൻ സെന്റർ, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി ഒരു മാതൃകാ കാർഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി വരികയാണ്.

വാർത്താസമ്മേളനത്തിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, വൈസ് പ്രസിഡന്റ് എ. മാധവൻ,

കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം സി.സി.എച്ച് ഇഖ്ബാൽ, സി.ഡി.എസ് ചെയർപേഴ്സൺ ഗുലാബി, എം.ഡി. കെ. പ്രസന്ന, സി.ഇ.ഒ ശിവൻ ചൂരിക്കോട് എന്നിവർ പങ്കെടുത്തു.

പിറന്നത് 3772 ഓഹരിയുമായി

കുടുംബശ്രീ ജില്ല മിഷന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും മുൻകൈയിൽ ബേഡഡുക്ക സി.ഡി.എസിന് കീഴിലാണ് കമ്പനി രൂപീകരിച്ചത്. 2500 കുടുംബശ്രീ അംഗങ്ങളിൽ നിന്നും 1000 രൂപവീതം ഓഹരി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാഷ ഷെയർ കാമ്പയിൻ തുടങ്ങി 15 ദിവസം കൊണ്ട് 3772 ഷെയർ സ്വരൂപിച്ചു.

Advertisement
Advertisement