ബസിൽ സ്ത്രീകളിൽ നിന്നും പണവും സ്വർണവും കവരുന്ന സംഘം പിടിയിൽ

Sunday 14 August 2022 12:46 AM IST

പാലക്കാട്: ബസിലെ സ്ത്രീകളുടെ ബാഗ് തുറന്ന് പണവും സ്വർണവും കവരുന്ന തമിഴ് സംഘം പിടിയിൽ. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് മങ്കര പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിൽ നരികൊറവ കോളനയിലെ താമസക്കാരായ കസ്തൂരി (24), ഗായത്രി (25), അവരുടെ ഭർത്താവ് ശക്തിവേൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നിരവധി എ.ടി.എം കാർഡുകളും പഴ്സുകളും രേഖകളും പിടിച്ചെടുത്തു.
കഴിഞ്ഞ 29ന് മാങ്കുറിശ്ശിയിൽ ബസ് യാത്രക്കാരിയുടെ ഏഴുപവൻ ആഭരണവും 63,000 രൂപയും കവർന്ന സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ പതിവായി യാത്ര ചെയ്ത് കവർച്ച നടത്താറുള്ളതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം- പാലക്കാട് റൂട്ടിലും മണ്ണാർക്കാട് റൂട്ടിലുമുള്ള ബസുകളിലാണ് മോഷണത്തിനായി കയറുന്നത്. എരുത്തേമ്പതിയിൽ വാടകക്ക് താമസിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഗ്യാസ് നന്നാക്കാനെന്ന വ്യാജേന വീടുകളിൽ പോയും മോഷണം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ബസിൽ നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്.
മങ്കര എസ്.എച്ച്.ഒ കെ. ഹരീഷ്, എസ്.ഐമാരായ സുരേഷ്, എസ്. ജലീൽ, എ.എസ്.ഐ റഫീഖ്, എസ്.സി.പി.ഒമാരായ ആർ. കിഷോർ, സി. സുനീഷ്, ശിവദാസൻ, കെ. മഹേഷ്, ഷൈബു, വനിതാ പൊലീസുകാരായ ഉഷ, സുനിത, ധന്യ, വിജില എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement