ശമ്പളം നൽകാൻ വഴി കാണാതെ കെ.എസ്.ആർ.ടി.സി

Sunday 14 August 2022 12:51 AM IST

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിൽ മാനേജ്മെന്റ്. അതിനാവശ്യമായ തുക ഇതുവരെ കണ്ടെത്താനായിട്ടില്ല. കാഷ്വൽ ജീവനക്കാർക്ക് മാത്രമാണ് ഇന്നലെ ശമ്പളം നൽകിയത്.

ധനവകുപ്പ് അനുവദിച്ച 20 കോടി അക്കൗണ്ടിലെത്തിയെങ്കിലും 15 കോടി ഇന്ധനകമ്പനികളുടെ കുടിശിക തീർക്കാൻ അടച്ചു. സർക്കാരിൽ നിന്ന് പ്രതിമാസം ലഭിച്ചിരുന്ന 30 കോടി ഈ മാസം ഇതുവരെ കിട്ടിയിട്ടില്ല. വായ്പ തിരിച്ചടവിനുള്ള സഹായം എന്ന നിലയിലാണ് ഇത് ലഭിക്കുന്നത്. എന്നാൽ ഇത് ശമ്പള വിതരണത്തിനായി ഉപയോഗിക്കുകയും പകരം കളക്ഷനിൽ നിന്ന് വായ്പാ തിരിച്ചടവിനുള്ള തുക മാറ്റിവയ്ക്കുകയുമാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്. ഈ തുക ലഭിച്ചാൽ മാത്രമേ ശമ്പള വിതരണ നടപടികൾ തുടങ്ങാനാകൂ.