ഇന്ത്യൻ കായികരംഗത്തിന്റെ സുവർണ കാലം ആരംഭിച്ചു: നരേന്ദ്ര മോദി

Sunday 14 August 2022 2:37 AM IST

ന്യൂഡൽഹി: ഇന്ത്യൻ കായിക രംഗത്തിന്റെ സുവർണകാലം ആരംഭിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ താരങ്ങൾക്ക് തന്റെ ഔദ്യോഗിക വസതിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ രാജ്യവും നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പുതിയ നാലിനങ്ങളിൽ മെഡൽ നേടാൻ നമുക്കായി. ഈ ഇനങ്ങളിലേത്ത് നിരവധിപ്പേർക്ക് കടന്നുവരാൻ ഈ നേട്ടങ്ങൾ പ്രചോദനമാകും.നിങ്ങളെക്കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ നേട്ടങ്ങൾ മെഡലുകൾ നോക്കിമാത്രമല്ല വിലയിരുത്തേണ്ടത്. പല ഇനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നമ്മുടെ താരങ്ങൾ നടത്തിയത്. ഒരു സെക്കന്റിന്റെയും ഒരു സെന്റീമീറ്ററിന്റേയുമെല്ലാം വ്യത്യാസത്തിൽ മാത്രം ചിലസമയങ്ങളിൽ പിന്തള്ളപ്പെട്ടു. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാവരും പ്രകടന നിലവാരം ഇനിയും ഉയരുമെന്ന്. ലോകത്തെ ഏറ്റവും മികച്ച സ്പോർട്സ് സിസ്റ്റം ഉണ്ടാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാ ബദ്ധരാണ്. ഒരു പ്രതിഭയും ഒഴിവാക്കപ്പെടില്ല. -പ്രധാന മന്ത്രി പറഞ്ഞു. ആകെ 61 മെഡലാണ് ഇത്തവണ ഇന്ത്യൻ സംഘം നേടിയത്.

Advertisement
Advertisement