ചിങ്ങം ഒന്നിന് പുതു കൃഷിയുടെ ഫോട്ടോ, വീഡിയോ മത്സരം; സമ്മാനം കൃഷിവകുപ്പ് നൽകും

Sunday 14 August 2022 4:43 PM IST

തിരുവനന്തപുരം: ചിങ്ങപ്പുലരിയിൽ ഒരുലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയ്യാറായിരിക്കുകയാണ് കൃഷിവകുപ്പ്. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്ത്‌ വാർഡുകളിലും ആറ് കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കുവാനാണ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

പുതുതായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോ എന്നിവ കൃഷിഭവൻ മുഖാന്തരം ശേഖരിച്ച് സംസ്ഥാന തലത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോക്ക്‌ അന്നേ ദിവസം തന്നെ നൽകുന്നതായിരിക്കും. മികച്ച ഫോട്ടോ/ വീഡിയോ എന്നിവയ്ക്ക് സമ്മാനവും കൃഷിവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടത്തിലെ ഫോട്ടോസ് /വീഡിയോസ് എന്നിവ ചിങ്ങം ഒന്നിന് 12 മണിക്ക് മുമ്പ് ശേഖരിച്ച് സംസ്ഥാന തലത്തിൽ അയയ്ക്കുവാനാണ് കൃഷി ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്. എല്ലായിടത്തും കൃഷി നടത്തുന്നു എന്നുള്ളത് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്നും ഡയറക്ടർ അറിയിച്ചു. പുതുതായി ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷി ആരംഭിക്കുന്നു എന്നതാണ് ഇത്തവണത്തെ കർഷക ദിനാഘോഷങ്ങളുടെ പ്രത്യേകതയെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങളായിരിക്കും പുതു കൃഷിയിടങ്ങളുടെ നടത്തിപ്പുചുമതല. അതാത് വാർഡ് മെമ്പർ അല്ലെങ്കിൽ വാർഡ് മെമ്പർ ചുമതലപ്പെടുത്തുന്ന ഒരു കർഷകനായിരിക്കും ആ വാർഡിലെ കൃഷിക്കു നേതൃത്വം നൽകുന്നത്. ചിങ്ങപ്പുലരിയിൽ ഓരോ വാർഡുകളിലും നടക്കുന്ന പുതു കാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡിലെ പ്രമുഖവ്യക്തികൾ /കർഷകർ അല്ലെങ്കിൽ വാർഡ് മെമ്പർ നിർവഹിക്കുന്നതായിരിക്കും. അന്നേ ദിവസം ശേഖരിക്കുന്ന ഫോട്ടോസ് / വിഡിയോകളിൽ നിന്നും ഏറ്റവും മികച്ച കൃഷി നടത്തുന്ന കൃഷിയിടങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ജില്ലാ തലത്തിൽ കൃഷി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്യുമെന്നും ഡയറക്ടർ അറിയിച്ചു.