ഉത്സവകാലം ആഘോഷമാക്കാൻ ആഗസ്‌റ്റിൽ പുത്തൻ മോഡലുകൾ

Monday 15 August 2022 3:16 AM IST

കൊച്ചി: കൊവിഡും ചിപ്പ് ക്ഷാമവും സാമ്പത്തികഞെരുക്കവുമെല്ലാം പഴങ്കഥയെന്ന് വിശ്വസിക്കാനാണ് ഇന്ത്യൻ വാഹനലോകത്തിന് ഇഷ്‌ടം. സെമികണ്ടക്‌ടർ ക്ഷാമം കുറയുകയും ഉത്‌പാദനം കൂടുകയും ചെയ്തതോടെ ജൂലായിൽ മൊത്ത വില്പന 2021 ജൂലായേക്കാൾ പതിനൊന്ന് ശതമാനം ഉയർന്നത് വാഹന നിർമ്മാണക്കമ്പനികൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. മൊത്തം പാസഞ്ചർ വാഹനങ്ങളുടെ വില്പന കഴിഞ്ഞമാസം ഉയർന്നത് 2021 ജൂലായിലെ 2.64 ലക്ഷം യൂണിറ്റുകളിൽ നിന്ന് 2.93 ലക്ഷം യൂണിറ്റുകളിലേക്കാണ്. ഇതിൽ പാസ‍ഞ്ചർ കാറുകളുടെ വില്പന 1.30 ലക്ഷം യൂണിറ്റുകളിൽ നിന്നുയർന്ന് 1.43 ലക്ഷം യൂണിറ്റുകളിലെത്തി. യൂട്ടിലിറ്റി വാഹനങ്ങളുടേത് (എസ്.യു.വി)​ 1.24 ലക്ഷത്തിൽ നിന്ന് 1.37 ലക്ഷമായി. 10,​305 യൂണിറ്റുകളിൽ നിന്ന് 13,239ലേക്കാണ് വാൻ വില്പന മെച്ചപ്പെട്ടത്. ഇരുചക്ര,​ മുച്ചക്ര വാഹനങ്ങളുടെ വില്‌പനയിലും വലിയ ഉണർവുണ്ട്. ഉത്സവവിപണി പിടിച്ചടുക്കാൻ ഒട്ടേറെ പുത്തൻ കാറുകളാണ് ഉപഭോക്താക്കളിലേക്ക് എത്താൻ കാത്തുനിൽക്കുന്നത്. മാരുതിയുടെ പുത്തൻ ഓൾട്ടോ കെ10 ഈമാസം 18ന് വിപണിയിലെത്തും. രണ്ട് മികച്ച എൻജിൻ ഓപ്‌ഷനുകളാണുണ്ടാവുക. ഹ്യുണ്ടായിയുടെ നാലാംതലമുറ ട്യുസോൺ എസ്.യു.വി വിപണിയിലെത്തിക്കഴിഞ്ഞു. 50,000 രൂപയടച്ച് ഇപ്പോൾ ബുക്ക് ചെയ്യാം. 2.0 ലിറ്റർ ഡീസൽ,​ പെട്രോൾ എൻജിനുകളാണുള്ളത്. ആധുനിക സാങ്കേതികവിദ്യ,​ മികവുറ്റ സുരക്ഷാസൗകര്യങ്ങൾ,​ ഉന്നത ഫീച്ചറുകൾ,​ മികച്ച പെർഫോമൻസ് എന്നിങ്ങനെ ഒട്ടേറെ മികവുകളുമായാണ് ന്യൂജനറേഷൻ ട്യൂസോൺ എത്തുന്നത്. സ്കോർപ്പിയോയുടെ വൻ ഉപഭോക്തൃ പ്രിയമുള്ള സ്കോർപ്പിയോ-എൻ കഴിഞ്ഞമാസമാണ് മഹീന്ദ്ര വിപണിയിൽ എത്തിച്ചത്. ഇതോടൊപ്പം നിലവിലെ സ്‌കോർപ്പിയോയുടെ വില്പന തുടരുന്നതിന്റെ ഭാഗമായി പുത്തൻ സ്കോർപ്പിയോ ക്ളാസിക്കും വിപണിയിലെത്തും. 2.2 ലിറ്റർ ഡീസൽ എൻജിനാണ് എസ്.യു.വികളിലെ ഈ അതികായ മോഡലിനുണ്ടാവുക. ഒട്ടേറെ പുതുമകളുമായി എം.ജിയുടെ പുത്തൻ ഹെക്‌ടറും ഈമാസമെത്തും. മെഴ്സിഡെസ്-ബെൻസിന്റെ ഇലക്‌ട്രിക് സെഡാൻ എ.എം.ജി - ഇ.ക്യു.എസ് 53 ആണ് ഈമാസത്തെ മറ്റൊരു മുഖ്യാകർഷണം. 24ന് വിപണിയിലെത്തും. 570 കിലോമീറ്ററാണ് റേഞ്ച് പ്രതീക്ഷ. 0-100 കിലോമീറ്റർ സമയം വെറും 3.8 സെക്കൻഡ്.