മഹീന്ദ്രയുടെ പുത്തൻ ബോലേറോ മാക്‌സ് പിക്കപ്പ് എത്തി

Monday 15 August 2022 3:24 AM IST

കൊച്ചി: പിക്കപ്പ് വാഹനശ്രേണിയിലെ ഏറ്റവും ശ്രദ്ധേയ മോഡലെന്ന പെരുമയുള്ള മഹീന്ദ്ര ബൊലേറോയുടെ പുത്തൻ പതിപ്പായ ബൊലേറെ മാക്‌സ് പിക്കപ്പ് വിപണിയിലെത്തി. വിപണിവിഹിതം കൂട്ടുക ലക്ഷ്യമിട്ട് മഹീന്ദ്ര പുറത്തിറക്കിയ പുതിയ അവതാരത്തിന് 7.68 ലക്ഷം രൂപ മുതൽ 7.87 ലക്ഷം രൂപ ശ്രേണിയിലാണ് എക്‌സ്‌ഷോറൂം വില. നിലവിൽ ചെറു വാണിജ്യ വാഹന (ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് - എൽ.സി.വി)​ ശ്രേണിയിൽ 43 ശതമാനം വിഹിതമുണ്ട് മഹീന്ദ്രയ്ക്ക്. 2-3.5 ടൺ വിഭാഗത്തിലെത്തുന്ന പുത്തൻ മോഡലിന് ഒട്ടേറെ പുതിയ ഫീച്ചറുകളും മഹീന്ദ്ര നൽകിയിട്ടുണ്ട്. 1,​700 എം.എം വീതിയുള്ള കാർഗോ ഏരിയയിൽ 1,​300 കിലോഗ്രാം പേലോഡാണ് പുതിയ ബൊലേറോ മാക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഓരോ 20,​000 കിലോമീറ്ററിലും സർവീസ് ഇടവേള,​ മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്ററിന് (ഏതാണോ ആദ്യം)​ വാറന്റി,​ സുരക്ഷയ്ക്കും സുഖയാത്രയ്ക്കുമായി ഐ-മാക്‌സ് ടെക്‌നോളജി എന്നിങ്ങനെ ആകർഷണങ്ങളുണ്ട്. ഒട്ടേറെ ധനകാര്യ കമ്പനികളുമായി ഫിനാൻസ് സ്കീമുകൾക്കായി മഹീന്ദ്ര കൈകോർത്തിട്ടുണ്ട്. ഇതുപ്രകാരം 25,​000 രൂപ ഡൗൺപേമെന്റ് നൽകി ബൊലേറോ മാക്‌സ് പിക്കപ്പ് സ്വന്തമാക്കാം.