ഹർഭജന്റെ ആദ്യ അഞ്ച് ഓവറിൽ പാകിസ്ഥാൻ അടിച്ചെടുത്തത് 27 റൺസ്, പിന്നാലെ ധോണിയുടെ നിർദ്ദേശം; 2011 ലോകകപ്പിൽ ഇന്ത്യയുടെ സെമിഫൈനൽ വിജയം ഉറപ്പിച്ച നിമിഷം ഓർത്തെടുത്ത് സ്പിന്നർ

Sunday 14 August 2022 7:52 PM IST

മുംബയ്: ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആവേശം ഉണർത്തുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ടി ട്വന്റി ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുന്നത് വരെ പാകിസ്ഥാൻ ഒരിക്കൽ പോലും ഇന്ത്യക്കെതിരെ ലോകകപ്പിൽ വിജയം അറിഞ്ഞിട്ടില്ല. പലപ്പോഴും വിജയത്തിന്റെ അടുത്ത് വരെ എത്തിയിട്ടുണ്ടെങ്കിലും അവസാന നിമിഷം ഇന്ത്യ പാകിസ്ഥാനിൽ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. അത്തരത്തിൽ ഒരു മത്സരമായിരുന്നു 2011 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ സെമിഫൈനൽ പോരാട്ടം.

വിജയത്തിലേക്ക് അനായാസം കുതിക്കുകയായിരുന്ന പാകിസ്ഥാന് കടിഞ്ഞാൺ വീഴുന്നത് ഉമർ അക്മലിനെ ഹർഭജൻ സിംഗ് പുറത്താക്കുന്നതോടെയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ ടെൻഡുൽക്കറിന്റെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിൽ തകർന്നിരുന്നെങ്കിലും പിന്നീട് ഉമർ അക്മലും മിസ്ബ ഉൾ ഹഖും ചേ‌‌ർന്ന് പാകിസ്ഥാനെ കരകയറ്റുകയായിരുന്നു,

ഉ‌മർ അക്മലിന്റെ വിക്കറ്റ് ഹർഭജൻ സിംഗ് വീഴ്ത്തിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ ഹർഭജൻ എറിഞ്ഞ ആദ്യ അഞ്ച് ഓവറിൽ പാകിസ്ഥാൻ അടിച്ചുകൂട്ടിയത് 27 റണ്ണുകളായിരുന്നു. അതിനാൽ തന്നെ ഹർഭജൻ വിക്കറ്റ് വീഴ്ത്തുമെന്ന് അധികം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അന്നത്തെ ഇന്ത്യൻ നായകൻ ധോണിയുടെ നി‌ർദ്ദേശം അനുസരിച്ച് താൻ എറിഞ്ഞ പന്തിലാണ് ഉമർ അക്മലിന്റെ വിക്കറ്റ് കിട്ടിയതെന്ന് ഹർഭജൻ പറഞ്ഞു. തന്നെ അനായാസം പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത് കണ്ട ധോണി തന്നോട് എറൗണ്ട് ദ വിക്കറ്റ് ബൗൾ ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ഹർഭജൻ പറഞ്ഞു. അങ്ങനെ എറിഞ്ഞ പന്തിലാണ് ഉമർ അക്മൽ പുറത്തായതെന്നും ഹർഭജൻ വെളിപ്പെടുത്തി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാനാകാതെ പാകിസ്ഥാൻ 49.5 ഓവറിൽ ആൾ ഔട്ടായി. സെമിഫൈനൽ വിജയത്തിന് ശേഷം ഫൈനലിൽ ശ്രീലങ്കയെ കീഴ്‌പ്പെടുത്തിയ ഇന്ത്യ അത്തവണത്തെ ലോകകപ്പ് വിജയികളായി. സച്ചിൻ ടെൻഡുൽക്കറിന്റെ അവസാന ലോകകപ്പ് കൂടിയായിരുന്നു അത്.