റിസർച്ച് സ്കോർ കൂടിയതു കൊണ്ടു മാത്രം തിരഞ്ഞെടുക്കപ്പെടണമെന്നില്ല,​ പ്രിയ വർഗീസിന്റെ നിയമനം ന്യായീകരിച്ച് കണ്ണൂർ സർവകലാശാല

Sunday 14 August 2022 9:21 PM IST

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ന്യായീകരിച്ച് കണ്ണൂർ സർവകലാശാല. റിസർച്ച് സ്കോർ കൂടിയത് കൊണ്ടുമാത്രം ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെടണമെന്നില്ലെന്ന് സർവകലാശാല പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.

ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നും സർവകലാശാല വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് സ്റ്റാൻഡിംഗ് കൗൺസൽ,​ അഡ്വക്കേറ്റ് ജനറൽ എന്നിവരിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.

അദ്ധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയയ്ക്ക് ഒന്നാം റാങ്ക് കിട്ടിയത് എന്ന് തെളിയിക്കുന്ന നിർണായക രേഖ ഇന്നലെ പുറത്തുവന്നിരുന്നു. ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോറിൽ പ്രിയ വർഗീസിന് ലഭിച്ചത് 156 മാർക്കാണ്. അതേസമയം രണ്ടാംറാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയ്ക്ക് 651ും മൂന്നാം റാങ്ക് കിട്ടിയ ഗണേഷ് സിയ്ക്ക് 654 ഉം ആയിരുന്നു റിസർച്ച് സ്കോർ. എന്നാൽ അഭിമുഖത്തിൽ 32 മാർക്ക് നേടിയാണ് പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടിയത്. ജോസഫ് സ്കറിയ ഇന്റർവ്യൂവിൽ 30ഉം ഗണേഷ് സി 28 ഉം മാർക്ക് നേടി.

Advertisement
Advertisement